ആരോഗ്യരംഗത്ത് സുപ്രധാന ചുവടുമായി ചൈന. സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ ഷാംഗായിൽ നിന്നുള്ള ഒരുസംഘം ഡോക്ടർമാർ 5000 കി.മീ അകലെയുള്ള കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തു. വെറും ഒരുമണിക്കൂർ ദൈർഘ്യമെടുത്താണ് അയ്യായിരം കിലോ മീറ്റർ അകലെയുള്ള രോഗിയിൽ സർജറി പൂർത്തിയായത്. ജൂലൈ പതിമൂന്നിന് നടന്ന സർജറിയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. ഷാംഗായ് ചെസ്റ്റ് ഹോസ്പിറ്റലിലാണ് അതിനൂതനമായ സർജറി നടന്നത്. വിശദമായ ക്ലിനിക്കൽ റിസർച്ചിന്റെയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുടെയും സഹായത്തോടെയാണ് സർജറി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാന്റെ നേതൃത്വത്തിലാണ് സർജറി നടത്തിയത്. ചൈനയുടെ ആരോഗ്യരംഗത്ത് നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഇതെന്ന് ഡോ. ലുവോ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ വിപുലമാണെന്നും വിദൂര സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് സഹായകമാകുന്നതാണ് പ്രസ്തുത രീതിയെന്നും ലുവോ കൂട്ടിച്ചേർത്തു
Discussion about this post