ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്തബന്ധുക്കളല്ലാത്തവരെക്കൂടി പരിഗണിക്കാൻ, അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും, ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. മനുഷ്യാവയവങ്ങൾ മാറ്റിവെക്കൽ നിയമം പ്രകാരം ഭാര്യ, ഭർത്താവ്, രക്ഷാകർത്താവ്, സഹോദരങ്ങൾ, കൊച്ചുമക്കൾ തുടങ്ങി രക്തബന്ധമുള്ളവരിൽനിന്നോ അടുത്ത ബന്ധുവിൽനിന്നോ മാത്രമേ ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനം സാധ്യമാകൂ. ബന്ധുക്കൾ അല്ലാത്തവരിൽനിന്നുള്ള അവയവദാനത്തിന് പ്രത്യേക മെഡിക്കൽ സമിതിയുടെ അംഗീകാരം നിർബന്ധമാണ്. ഇത്തരം കടമ്പകൾ ഒഴിവാക്കാൻ അവയവം ആവശ്യമുള്ള രണ്ടുപേരുടെ കുടുംബത്തിൽനിന്ന് പരസ്പരം സ്വീകർത്താവിനെയും ദാതാവിനെയും കണ്ടെത്തുന്നതാണ് പരിഗണിക്കുന്നത്. ദാതാക്കൾക്ക് ആജീവനാന്തകാല സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേകപദ്ധതി, മരണാന്തര അവയവദാനത്തിലെ നിയമപ്രശ്‌നങ്ങൾ ലഘൂകരിക്കുക തുടങ്ങിയവയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
Discussion about this post