ദീർഘദൂര വിമാന യാത്രയ്ക്കിടെ മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് പഠന റിപ്പോർട്ട്. ജർമൻ എയിറോസ്‌പേസ് സെന്ററും ആർ.ഡബ്ലൂ.ടി.എച്ച് ആക്കൻ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള 48 പേരെ ഇരു ഗ്രൂപ്പുകളാക്കി രണ്ടു ദിവസങ്ങളിലായി നാലു മണിക്കൂർ ഉറങ്ങാൻ അനുവദിച്ചുകൊണ്ടായിരുന്നു പരീക്ഷണം നടത്തിയത്. രണ്ടു ഗ്രൂപ്പിലെയും ചിലർക്ക് മാത്രം ഉറങ്ങുന്നതിന് മുമ്പ് മദ്യം നൽകി. ഇതിൽ മദ്യം കുടിച്ച, വിമാനത്തിനുള്ളിലെ അന്തരീക്ഷ മർദ്ദ സാഹചര്യത്തിൽ കഴിഞ്ഞവരുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 88 ആയി ഉയർന്നു. ഇവരുടെ ഓക്‌സിജന്റെ അളവ് 85% ആയി കുറയുകയും ചെയ്തു. സമുദ്രനിരപ്പിന്റെ സാഹചര്യത്തിൽ രാത്രി മദ്യപിച്ച് ഉറങ്ങിവരുടെ ഓക്‌സിജൻ അളവ് 94% ആയും കാണപ്പെട്ടു. ഉയരം കൂടുംതോറും അന്തരീക്ഷമർദം കുറയും. അന്തരീക്ഷമർദം കുറയുന്നതോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് താഴേക്ക് പോകുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് 90%-ത്തിൽ കൂടുതലാണെങ്കിൽ അത് ആരോഗ്യകരമാണെന്ന് പഠനം പറയുന്നു. ഈ അളവിന് താഴേക്ക് പോകുമ്പോൾ ശരീരം കൂടുതൽ ഓക്‌സിജൻ തലച്ചോറിലേക്ക് നൽകുകയും ഇത് പേശികൾക്കും അവയവങ്ങൾക്കും കിട്ടേണ്ട ഓക്‌സിജൻ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ ഓക്‌സിജൻ നില ഗുരുതരമായ അളവിൽ താഴ്ന്നാൽ നെഞ്ചുവേദന, ആശയക്കുഴപ്പം, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഹൃദയസ്പന്ദനത്തിന്റെ നിരക്കിൽ വർധനവ് എന്നിവയുണ്ടാകാം. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലെത്തുമ്പോൾ ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോബറിക് ഹൈപ്പോക്‌സിയ. ഈ അവസ്ഥയിൽ മദ്യപിക്കുമ്പോൾ ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നതായി പഠനത്തിൽ പറയുന്നു. തൊറാക്‌സ് ജേർണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Discussion about this post