കണ്ണൂർ ജില്ലയിൽ ക്ഷയരോഗം സ്ഥിരീകരിച്ചതിൽ 34 ശതമാനവും പ്രമേഹരോഗ ബാധിതർക്ക് എന്ന് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച 12 പേർ എച്ച്.ഐ.വി. ബാധിതരാണ്. 43,622 പേരിൽ ക്ഷയരോഗ പരിശോധനകൾ നടത്തി. കഴിഞ്ഞവർഷം 1526 പേരിലാണ് ക്ഷയരോഗം കണ്ടെത്തിയത്. അതേസമയം ക്ഷയരോഗ നിർമാർജനത്തിനായി ഊർജിത പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. രോഗികളെ നേരത്തേ കണ്ടെത്തി ചികിത്സ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, കൃത്യമായ ചികിത്സ സ്വീകരിക്കുന്ന ആളുകൾക്ക് ആറ് മാസംകൊണ്ട് രോഗം ഭേദമാവുന്നതായും ജില്ലാ ടി.ബി. സെന്ററിലെ സീനിയർ കൺസൽട്ടന്റ് ഡോ. രജ്‌ന ശ്രീധരൻ വ്യക്തമാക്കി. കൂടുതൽ ക്ഷയരോഗികളെ കണ്ടെത്തുന്നതിനും ഗുരുതര ക്ഷയരോഗം വേർതിരിക്കുന്നതിനുമാണ് ജില്ലയിൽ പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കുന്നത്. ഇതിനായി 67 കഫപരിശോധനാ കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു. സിബി നാറ്റ് എന്ന അത്യാധുനിക ജനിതക അണുപരിശോധനാ സംവിധാനം പള്ളിക്കുന്നിലെ ജില്ലാ ടി.ബി. സെന്ററിലും, പരിയാരം മെഡിക്കൽ കോളേജിലും ഏർപ്പെടുത്തി. ട്രൂനാറ്റ് എന്ന ആധുനിക ജനിതക അണുപരിശോധനാ സംവിധാനവും ക്ഷയരോഗ പരിശോധനക്കായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ പ്രധാനപ്പെട്ട 20 സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാണ്.
Discussion about this post