മലേറിയ വാക്സിൻ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കാമറൂൺ. മധ്യ ആഫ്രിക്കൻ രാഷ്ട്രമായ കാമറൂൺ ലോകാരോഗ്യ സംഘടന നിർദേശിച്ച മലേറിയ വാക്സിൻ കുട്ടികൾക്ക് നൽകിത്തുടങ്ങി. ആഫ്രിക്കൻ രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന പകർച്ചവ്യാധികളിലൊന്നായ മലേറിയയെ വാക്സിനിലൂടെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലോകത്താകമാനമുള്ള മലേറിയ മരണങ്ങളുടെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഓരോ വർഷവും ആറ് ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്. ഇതിൽ വലിയ പങ്കും അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളാണ്. 25 കോടി പേർക്കാണ് ആഫ്രിക്കയിൽ പ്രതിവർഷം മലേറിയ ബാധിക്കുന്നത്. രണ്ട് വർഷം കൊണ്ട് രണ്ടരലക്ഷം കുട്ടികൾക്ക് മലേറിയ വാക്സിൻ നൽകാനാണ് കാമറൂൺ പദ്ധതിയിടുന്നത്. മലേറിയയെ നേരിടുന്നതിൽ നിർണായക ചുവടുവെപ്പാകും വാക്സിനേഷനെന്ന് അധികൃതർ പറഞ്ഞു. ഗവി വാക്സിൻ അലയൻസിൻറെ സഹായത്തോടുകൂടിയാണ് കാമറൂണിന് വാക്സിൻ ഷോട്ടുകൾ ലഭ്യമാക്കുന്നത്. കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.
Discussion about this post