പ്രമേഹമുള്ളവരിൽ തിമിരം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതൽ എന്ന് ദേശീയ അന്ധതാ, കാഴ്ചവൈകല്യ സർവേ റിപ്പോർട്ട്. നിയന്ത്രണമില്ലാത്ത പ്രമേഹമാണ് കേരളത്തിൽ തിമിരം നേരത്തേ എത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കണ്ണിലെ ലെൻസിൽ പ്രോട്ടീനാണ് ഉള്ളത്. രക്തത്തിലെ പഞ്ചസാര ദീർഘകാലം കൂടി നിൽക്കുമ്പോൾ ഈ പ്രോട്ടീനിന്റെ ഘടന മാറും. അത് തിമിരത്തിന് വഴിവെക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. സ്റ്റിറോയ്ഡ് മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നവരിലും തിമിരം നേരത്തേയെത്താം. വർഷം രണ്ടുലക്ഷത്തിലധികം തിമിരശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും രോഗനിർണയ സംവിധാനങ്ങൾ പുരോഗമിച്ചതിനാൽ തുടക്കത്തിൽ തന്നെ തിമിര സാധ്യത കണ്ടെത്തനാകും എന്നും ഡോക്ടർമാർ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ പകുത്ത് നൽകിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം എട്ടിനായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂർത്തിയാക്കിയത്. ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Discussion about this post