ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഒന്ന് വീതവും അസി പ്രൊഫസർമാരുടെ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. തല മുതൽ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. മാത്രമല്ല 90 ശതമാനം ചികിത്സകൾക്കും രോഗിയെ പൂർണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഈ ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും, കൂടുതൽ മെഡിക്കൽ കോളേജുകളിലേക്കും ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post