കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍സ് അസ്സോസിസ്യഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും. കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരുപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ 2023 ഡിസംബര്‍ 3 ഞായറാഴ്ച ഓരോ ജില്ലാ ആസ്ഥാനങ്ങളിലും നടത്തപ്പെടുന്നതാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള 25 ചോദ്യങ്ങള്‍ അടങ്ങുന്ന എഴുത്തു പരീക്ഷയാണ് ആദ്യ റൗണ്ട്. 8, 9, 10 ക്ലാസ്സുകളിലെ ബയോളജി ടെക്സ്റ്റ് ബുക്കില്‍ നിന്നും 12 ചോദ്യങ്ങളും പൊതു വിജ്ഞാനം, ജനറല്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നും ബാക്കി 13 ചോദ്യങ്ങളും ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ് മാസ്റ്റര്‍/ ഹെഡ് മിസ്ട്രസ് ന്റെ കയ്യില്‍ നിന്നുള്ള കത്ത് മല്‍സരസമയത്ത് ഹാജരാക്കണം. മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 26 വൈകിട്ട് 5 മണി വരെയാണ്. വിശദ വിവരങ്ങള്‍ക്ക് amrithakiranam2023@gmail.കോം എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആര്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളും രൂപീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക എ.എം.ആര്‍. അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കൂട്ടി ചേര്‍ത്തു. നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോക എ.എം.ആര്‍. അവബോധ വാരാചരണം.
ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. തുടര്‍ന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വി.ഐ.പി ഡ്യൂട്ടി, പുറത്തുള്ള മറ്റ് ഡ്യൂട്ടികള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
ഒന്നരമണിക്കൂര്‍ ഹൊറര്‍ സിനിമ കാണുന്നത് ശരീരത്തിലെ 150 കലോറി കത്തിച്ചു കളയാന്‍ സഹായിക്കുമെന്ന് പഠനം. വെസ്റ്റ് മിനിസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പത്തുപേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവര്‍ ഹൊറര്‍ സിനിമ കാണുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്ക് , ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ്, ഉഛ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്, ഇവയെല്ലാം അളക്കുന്ന ഉപകരണം ധരിച്ചിരുന്നു. ഹൊറര്‍ സിനിമ കാണുമ്പോള്‍ പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ഹൃദയമിടിപ്പിന്റെ നിരക്കും ഉപാപചയ നിരക്കും വര്‍ധിച്ചതായി കണ്ടെത്തി. ഇതുവഴി കൂടുതല്‍ കലോറി കത്തിത്തീര്‍ത്തതായും ഗവേഷകര്‍ കണ്ടെത്തി. കടുത്ത സ്‌ട്രെസ് ഉള്ളപ്പോഴോ പേടി തോന്നുമ്പോഴോ ശരീരത്തില്‍ അഡ്രിനാലിന്‍ ഉല്പാദിപ്പിക്കപ്പെടും. ഇത് വിശപ്പ് കുറയ്ക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യും. അതുവഴി കൂടുതല്‍ കലോറി കത്തിച്ചു കളയാനും സാധിക്കും എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ കലോറി നിയന്ത്രിക്കുന്നതിന് പതിവായ വ്യായാമവും ആരോഗ്യ ഭക്ഷണശീലങ്ങളും പിന്തുടരുക തന്നെ വേണമെന്നു പഠനം പറയുന്നു.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post