10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി. ഗുരുതരമായ എ.ആർ.ഡി.എസി.ക്കൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെയാണ് എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവായതിനാൽ ശ്വസിയ്ക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ ഒക്ടോബര് 13 നു ആശുപത്രിയിൽ അഡ്മിറ്റാക്കിയതിനു ശേഷം, വെന്റിലേറ്റർ സപ്പോർട്ട് നൽകി ചികിത്സ ആരംഭിച്ചിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ ചികിത്സയിൽ കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഏതാനം മണിക്കൂറിനുള്ളിൽ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാകാനും തുടങ്ങിയിരുന്നു. ഇതോടെ 14ന് രാത്രി 11.30 ഓട് കൂടി ഡോക്ടർമാർ കുട്ടിയ്ക്ക് എക്മോ ചികിത്സ ആരംഭിച്ചു. ഇതേ തുടർന്ന് ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്മോ ചികിത്സ നിർത്തുകയും ചെയ്ത ശേഷം 28 വരെ കുട്ടി വെന്റിലേറ്റർ ചികിത്സ തുടരുകയും ചെയ്തു. ഇതോടെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാനും തുടങ്ങി. പൂർണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടൻ ഡിസ്ചാർജ് ചെയ്യും.
ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്ത സമ്മർദം കുറയാൻ കഴിയുമെന്നു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റികൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മരുന്നു കഴിക്കുന്നവർക്കും ഈ ഫലം ലഭിക്കുമെന്ന് ബിർമിംഗാമിലെ ലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയും, വൻഡെർബിൽട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞു. ഒരാഴ്ച മരുന്നു കഴിക്കുന്നതിനു പകരം ദിവസേന പതിവായി കഴിക്കുന്ന ഉപ്പു ഒരു ടീസ്പൂൺ വീതം കുറച്ചാൽ പ്രഷർ കുറയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 50 മുതൽ 75 വയസു വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തിയത്. 72% പേരിൽ സിസ്റ്റോളിക് പ്രഷർ കുറയാൻ ഈ ക്രമീകരണം സഹായിച്ചുവെന്നു വി യു എം സി അസോഷ്യേറ്റ് പ്രഫസർ ദീപക് ഗുപ്ത പറഞ്ഞു. Journal of the American Medical Association ഇൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാൽ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി. ജില്ലയിലെ മെഡിക്കൽ കോളേജ് ഇതര സർക്കാർ ആശുപത്രിയിൽ ആദ്യമായി ആണ് ഇത്തരം ഒരു ശസ്ത്രക്രിയ നടക്കുന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ മണിയുടെ നേതൃത്വത്തിൽ ആണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ചെറുവാരകോണം സ്വദേശി 37 വയസുള്ള അനി എന്ന വ്യക്തിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. സൗജന്യമായി ആണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ നാലു ലക്ഷം രൂപ ചെലവാകുന്ന ശസ്ത്രക്രിയ നടത്താൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് അനി സർക്കാർ ആശുപത്രിയെ സമീപിച്ചത്. ഡോ.മണിയുടെ നേതൃത്വത്തിൽ ഡോ.അജോയ്, ഡോ. റൂഗസ്, അനസ്തേഷ്യ ഡോക്ടർ സന്ദീപ്, ടെക്നീഷ്യൻ അരുൺ.എസ്, നേഴ്സുമാരായ ബിന്ദു കുമാരി, വീണ, അനിൽ, ശക്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയാൽ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകൾക്കും അനുസരിച്ചായിരിക്കും മേൽപറഞ്ഞവയുടെ ഫലം ലഭിക്കുക. ചിലർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാൽ, ചിലർക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post