വ്യത്യസ്തമായ ചികിത്സാരീതിയിലൂടെ ശ്രദ്ധേയമായി ഡല്‍ഹി എയിംസ്. ന്യൂ ഡല്‍ഹിയില്‍ ഏഴുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്താണ് ഡല്‍ഹി എയിംസിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ കുടുങ്ങിയ നാലു സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നു ബോധ്യമായതോടെ എന്‍ഡോസ്‌കോപ്പിയിലൂടെ പരീക്ഷണം നടത്തുകയായിരുന്നു. ശക്തമായ ചുമയും രക്തസ്രാവവുമായി ഗുരുതരാവസ്ഥയിലായ കുട്ടിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൂചി കുടുങ്ങിയതായി കണ്ടെത്തിയത്. നാല് മില്ലി മീറ്റര്‍ വലുപ്പമുള്ള കാന്തം ഉപയോഗിച്ചാണ് സൂചി നീക്കം ചെയ്തതെന്ന് പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ ജെയിന്‍ പറഞ്ഞു.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് പഠനം. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ 21 ശതമാനവും എണ്ണത്തില്‍ 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. സ്പേം കോണ്‍സണ്‍ട്രേഷനും ടോട്ടല്‍ സ്പേം കൗണ്ടും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ട് കുറയാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ പാന്റിന്റെ പോക്കറ്റിലിടുമ്പോള്‍ മൊബൈല്‍ ഫോണുകളിലെ റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് ഫീല്‍ഡുകള്‍ ബീജത്തെ സ്വാധീനിക്കുന്നുണ്ടാകാമെന്ന് പഠനം സൂചന നല്‍കുന്നു. എന്നാല്‍ നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ നിരത്തുന്നില്ല. ഉയര്‍ന്ന ഫോണ്‍ ഉപയോഗവും കുറഞ്ഞ ബീജകോശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകടമായിരുന്നതായും ഗവേഷകര്‍ കണ്ടെത്തി. 2ജിയില്‍ നിന്ന് 3ജിയിലേക്കും പിന്നീട് 4ജിയിലേക്കും മൊബൈല്‍ സാങ്കേതിക വിദ്യ മാറിയതോടു കൂടി ഫോണിന്റെ ഔട്ട്പുട്ട് പവറില്‍ വന്ന കുറവാണ് ഇതിനുള്ള കാരണമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ആകെ 19 പേരാണ് ചികിത്സയില്‍ ഉള്ളത്. അതില്‍ 11 പേര്‍ ഐസിയുവിലാണ്. 8 പേര്‍ വാര്‍ഡുകളില്‍ ചികിത്സയിലുമുണ്ട്. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 4 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ഹെഡ്‌കോര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി ആന്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത അനിവാരം നിശ്ചിത യോഗ്യതയുളളവര്‍ നവംബര്‍ 15ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സമുച്ചയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യ ദിനമായ തിങ്കളാഴ്ച വിവിധ സ്‌പെഷ്യാലിറ്റികളിലായി 21 ഡോക്ടര്‍മാരും 79 നഴ്‌സമാരും അഭിമുഖങ്ങളില്‍ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ രാവിലെ തുടങ്ങിയ വിവിധ അഭിമുഖങ്ങള്‍ വൈകിട്ട് നാലു മണിക്ക് പൂര്‍ത്തിയായി. നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു.കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്‌ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചത്. യു.കെ യില്‍ നിന്നുളള 40 അംഗ സംഘമാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. കരിയര്‍ ഫെയര്‍ നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക യു.കെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം മുഖേനെ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്താന്‍ ഡല്‍ഹിയിലെ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണയിലായി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ പ്രഫസര്‍ ഡോ. ഹിഷാം ബിന്‍ സഅദ് അല്‍ ജദാഇയും സെന്‍ട്രല്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് രഘുവംശിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്. നല്ല മരുന്നിന്റെ നിര്‍മാണരീതികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിരീക്ഷണം, മരുന്ന് മേഖലയിലെ നിയമനിര്‍മാണം എന്നിവയിലെ അനുഭവങ്ങളുടെ കൈമാറ്റവും ചര്‍ച്ച ചെയ്തു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post