ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ മെയ് 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതി സന്ദീപ്, വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.
നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി ലോക ഹെപറ്റൈറ്റിസ് ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ ആശ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെപ്പറ്റൈറ്റിസ് ബോധവത്കരണ ബോര്‍ഡ് പ്രകാശനവും നടത്തി. എല്ലാ വര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. എന്‍.വി.എച്ച്. സി.പി ചികിത്സാകേന്ദ്രമായ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ NVHCP & ART സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ അനു. സി. കൊച്ചുകുഞ്ഞ്, ART മെഡിക്കല്‍ ഓഫീസര്‍, ഡോ പാര്‍വതി എന്നിവരുടെ നേതൃത്വത്തില്‍ ഹെപറ്റൈറ്റിസ് രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
’75 ഹാര്‍ഡ്’ എന്ന പേരില്‍ വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ 75 ദിവസം നാല് ലിറ്റര്‍ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്. ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും കാനഡയിലെ ടിക് ടോക്കര്‍ മിഷേല്‍ ഫെയര്‍ബേണ്‍ ആശുപത്രിയിലായി. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പലതവണ ടോയ്‌ലറ്റില്‍ പോവേണ്ടിവരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ഓക്കാനം വരുന്നുവെന്നും ചലഞ്ച് 12 ദിവസം പിന്നിട്ടതോടെ മിഷേല്‍ പറഞ്ഞു. തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷം മിഷേലിന് സോഡിയത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. ദിവസേന നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നതു നിര്‍ത്തി അര ലിറ്റര്‍ വെള്ളം കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
യുഎസിലെ ടെക്സാസില്‍ യുവാവിന് ചെള്ള് കടിച്ചതിനെത്തുടര്‍ന്ന് നഷ്ടമായത് രണ്ടുകയ്യും കാലിന്റെ ഭാഗവും. 35 കാരനായ മൈക്കല്‍ കോല്‍ഹോഫിനാണ് ചെള്ളുകടിയെ തുടര്‍ന്ന് ടൈഫസ് എന്ന ബാക്ടീരിയല്‍ അണുബാധ സ്ഥിരീകരിച്ചത്. പനി, തലവേദന, ചുണങ്ങ് എന്നിവയാണ് ടൈഫസ് എന്ന ബാക്ടീരിയല്‍ അണുബാധയുടെ സാധാരണ ലക്ഷണങ്ങള്‍. ബാക്ടീരിയ ശരീരത്തില്‍ കടന്നാല്‍ ഒന്നുമുതല്‍ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ കാണിക്കും. മൈക്കലിന്റെ കൈകാലുകള്‍ മരവിച്ച നിലയിലായിരുന്നു. കയ്യിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. സെപ്റ്റിക് ഷോക്കിന്റെ അനന്തരഫലമായി ചില അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലക്കുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായി മൈക്കലിന്റെ രണ്ടുകൈകളും കാലിന്റെ ഒരു ഭാഗവും മുറിച്ചുമാറ്റുകളയുകയായിരുന്നു.
ഇന്ന് ഓഗസ്റ്റ് 1, ഇന്ത്യയില്‍ ഓറല്‍ ഹൈജീന്‍ ഡേ. ആരോഗ്യകരമായ ജീവിതത്തിനു വായയുടെ ശുചിത്വം അതീവ പ്രാധാന്യമേറിയ കാര്യമാണ്. ഡോ. ജി.ബി. ഷാങ്ക് വാക്കറിന്റെ ജന്മദിന സ്മരണാര്‍ഥമാണ് ഈ ദിനം ആചരിച്ചു വരുന്നത്. ദന്താരോഗ്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്കാന്‍ വേണ്ടി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഇന്നേ ദിവസം ദന്താരോഗ്യ ക്യാമ്പുകളും റാലികളും ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഇന്നോവ ക്രിസ്റ്റ ഇനിമുതല്‍ ആംബുലന്‍സ് വേരിയന്റിലും. പുണെ ആസ്ഥാനമായുള്ള പിനാക്കിള്‍ ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ആംബുലന്‍സ് കണ്‍വേര്‍ഷന്‍ കിറ്റിന്റെ സഹായത്തോടെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് പുറത്തിറക്കിയിരിക്കുന്നത്. 19.99 ലക്ഷം രൂപ മുതലാണ് സ്റ്റാന്‍ഡേര്‍ഡ് ക്രിസ്റ്റയുടെ എക്‌സ് ഷോറൂം വില. ക്രിസ്റ്റയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ നീക്കം ചെയ്താണ്? ആംബുലന്‍സ്? തയ്യാറാക്കിയിരിക്കുന്നത്?. ഇന്നോവ ക്രിസ്റ്റയുടെ ആംബുലന്‍സ് പതിപ്പിലെ പരിഷ്‌ക്കരിച്ച ക്യാബിന്റെ വലതുഭാഗം മുഴുവനായും അടിയന്തര സാഹചര്യങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്‌ട്രെച്ചര്‍, മുന്‍വശത്തുള്ള പാരാമെഡിക് സീറ്റ്, പോര്‍ട്ടബിള്‍, സ്റ്റേഷണറി ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കാബിനറ്റ് എന്നിവയെല്ലാം വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഗുരുതരമായ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നപ്പോള്‍ കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് പോപ് ഇതിഹാസ ഗായിക മഡോണ. കഴിഞ്ഞ മാസമാണ് 64-കാരിയായ മഡോണയെ ബാക്ടീരിയ അണുബാധ മൂലം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ജൂണില്‍ തുടങ്ങേണ്ടിയിരുന്ന മഡോണയുടെ ‘സെലബ്രേഷന്‍’ ലോകപര്യടനവും നീട്ടിവെച്ചിരുന്നു. തന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്നും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സ്നേഹമാണ് ഏറ്റവും നല്ല മരുന്നെന്നും മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി മാത്രം കുത്തിവെപ്പ് ലഭിച്ചതുമായ എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 യജ്ഞം നടപ്പാക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചാം പനി, റുബല്ല എന്നിവയ്ക്ക് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. എറണാകുളം ജില്ലയില്‍ മൂന്ന് ഘട്ടങ്ങളായാണ് മിഷന്‍ നടപ്പാക്കുന്നത്. ആഗസ്റ്റ് ഏഴു മുതല്‍ 12 വരെ ആദ്യഘട്ടവും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെ മൂന്നാം ഘട്ടവും നടക്കും.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post