കോവിഡ് ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി 2022 ഏപ്രില്‍ 27ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആണ് പിന്‍വലിച്ചത്. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകള്‍ പിന്‍വലിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ ചുമത്തിയിരുന്നത്.
ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വീട്ടമ്മയ്ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ രക്ഷകനായി. വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി. പ്രദീപ്കുമാര്‍ രക്ഷകനായത്. ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പ്രദീപ് ലിസിയാമ്മയുടെ ദേഹാസ്വാസ്ഥ്യം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും കണ്ടെത്തി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വീട്ടമ്മയെ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിന് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം. മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് കണ്ടെത്തല്‍. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ജൂലൈ 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞതിനെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപെടുത്തി എസ് എ ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എസ് എ ടി-യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് കോക്ലെയര്‍ implantation ആവശ്യമാണെങ്കില്‍ അത് സാധ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സാമൂഹ്യ സുരക്ഷാ വകുപ്പാണ് ഇത് ചെയ്തുകൊണ്ടിരുന്നത്. ധന വകുപ്പിന്റെ നിര്‍ദേശത്തിന്റെയും സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഈ വര്ഷം മുതല്‍ ചികിത്സ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ഈ അവസരത്തില്‍ SHA ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുകയും ഗൈഡ്ലൈന്‍സ് പുറത്തിറക്കുകയും ചെയ്തു. ഇതുവരെ 49 അപേക്ഷകള്‍ ആണ് ലഭിച്ചിട്ടുള്ളത്. കോക്ലിയാര്‍ ഇമ്പ്‌ലാന്റേഷനുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്. അല്‍ഐനില്‍ താമസിക്കുന്ന 28 കാരനായ പ്രവസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ച യുവാവിന് ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡബ്‌ള്യൂ എച്ച് ഓ അറിയിച്ചു. യുവാവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗബാധ ഇല്ല. രോഗബാധ ഒഴിവാക്കാന്‍ കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post