കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം. സംസ്ഥാന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചു. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സംസ്ഥാനത്തിന് സമ്മാനിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്.
കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ ചേവരമ്പലം സ്വദേശിയായ കുട്ടി രണ്ടു ദിവസമായി ജില്ലാ ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിള്‍ അയച്ചിട്ടുണ്ട്.
കൊല്ലത്ത് ബിഡിഎസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകന്‍ 23 കാരന്‍ ആസിഫ് അന്‍സാരി ആണ് മരിച്ചത്.
പത്തനംതിട്ട കോന്നിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അതുമ്പുകുളം ഞള്ളൂര്‍ ഭാഗത്തെ ഒരു വീട്ടില്‍നിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരില്‍ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആര്‍ടി-പിസിആര്‍ പരിശോധന പൂര്‍ണമായും ഇല്ലാതാക്കിയാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്. രാജ്യത്തെ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് തുടരുന്നതിനാലാണ് തീരുമാനം. വ്യാഴാഴ്ച മുതല്‍ പുതുക്കിയ നിര്‍ദേശം നിലവില്‍ വന്നു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തികള്‍ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഇനി ആര്‍ടി-പിസിആര്‍ മാനദണ്ഡം ആവശ്യമില്ല.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. . ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 23 നും 24 നും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്‍ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post