നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയ്യാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്ന പ്രതി പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പോലീസുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അക്രമാസക്തനായത്. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.
കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 23 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ജൂലൈ 22 നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും 23 നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലുമാണ് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്‌സ്‌മെൻറ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 49 ദിവസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ് – രാധിക ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഈജിപ്റ്റിൽ അജ്ഞാത രോഗം പടരുന്നെന്ന വാർത്തകളെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള വിമാനങ്ങൾക്ക് സുരക്ഷാ പ്രോട്ടോക്കോൾ കടുപ്പിച്ച് റഷ്യ. കേന ഗവർണറേറ്റിലെ അൽ – അലെക്കത്ത് ഗ്രാമത്തിൽ 250 ഓളം പേർക്ക് രോഗബാധയുണ്ടായതായി ഈജിപ്ഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പനി. തലവേദന, ക്ഷീണം, വയറുവേദന എന്നിവ പ്രധാന രോഗലക്ഷണങ്ങൾ ആണെങ്കിലും ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെടുന്നതായി കണ്ടെത്തി. ആരുടെയും നില ഗുരുതരമല്ല. അഞ്ച് ദിവസങ്ങളോളം നീളുന്ന രോഗലക്ഷണങ്ങൾ ചിലരിൽ അസ്ഥികളിലെ വേദനയ്ക്കും ഇടയാക്കുന്നു. രോഗം തിരിച്ചറിയാൻ രോഗബാധിതരിൽ നിന്നും സാമ്പിൾ ശേഖരിച്ചതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേ സമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇൻഫ്ലുവെൻസ, ഗ്യാസ്ട്രോഎൻറ്റെറിറ്റിസ്, പനി തുടങ്ങി ചൂട് കാലത്ത് വ്യാപകമായി പടരുന്ന രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങളുണ്ടെന്നും അധികൃതർ പറയുന്നു.
നടത്തം ശീലമാക്കി ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വിഷാദരോഗ ലക്ഷണങ്ങളെ കുറയ്ക്കാനാവുമെന്ന് പഠനം. പ്രായമായവരിൽ വിഷാദത്തെ ചെറുക്കാൻ നടത്തം പോലുള്ള ചെറിയ രീതിയിലുള്ള വ്യായാമങ്ങൾക്ക് പോലും കഴിയുമെന്ന് അയർലണ്ടിലെ ലിമെറിക് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പത്തുവർഷം നീണ്ട പഠനത്തിൽ പറയുന്നു. അമ്പതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലെ വിഷാദരോഗത്തെ പ്രതിരോധിക്കുന്നതിൽ നടത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതായിരുന്നു പഠനം. ജാമാ നെറ്റ്വർക്ക് ഓപ്പണിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ വാരാന്ത്യത്തിലോ വ്യായാമം ചെയ്യുന്നത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ. ബോസ്റ്റണിലെ കോറിഗന്‍ മിനെഹാന്‍ ഹാര്‍ട്ട് സെന്ററിലെ ഡോക്ടര്‍മാരാണ് പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ഇപ്രകാരം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം. ആഴ്ചയില്‍ രണ്ടര മണിക്കൂർ മിതമായ വ്യായാമം ചെയ്യുന്നതുപോലും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ജാമാ നെറ്റ് വര്‍ക്ക് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post