നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
സിനിമയിലൂടേയും ടെലിവിഷന്‍ സീരിയലുകളിലൂടേയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടി വീണ നായര്‍ക്ക് മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും വീണ പങ്കുവെച്ചിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശീവാതം. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.
അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ സർക്കാർ തലത്തിൽ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതായി മന്ത്രി വേണ ജോർജ്. ആദ്യഘട്ടത്തില്‍ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കുള്ള മരുന്നാണ് സൗജന്യമായി ലഭ്യമാക്കാന്‍ ആരംഭിച്ചത്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. 40 കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയിലൂടെ പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്.എം.എ. ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു. ഇതിനോടനുബന്ധമായി മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
സമാനമായ മറ്റ് അപൂര്‍വ രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
തെരുവുനായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണവും. കോഴിക്കോട് വടകരയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കുളിന് സമീപം ചീരാം വീട്ടിൽ പീടികയ്ക്കടുത്തുള്ള കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. പത്മിനിയുടെ കൈയ്ക്കാണ് പരുക്കേറ്റത്. സ്കൂളിന് മുന്നിലെ റോഡിലൂടെ ഓടുന്നതിനിടയിൽ സ്കൂട്ടർ യാത്രക്കാരന് നേരെയും പന്നി തിരിഞ്ഞു. സ്കൂട്ടറിൽനിന്ന് വീണെങ്കിലും യാത്രക്കാരന് പരുക്കില്ല. സ്കൂളിന്റെ പരിസരത്ത് കാട്ടുപന്നിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലാണ്.
താൻ മാനേജരായ സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനിമുതൽ ഹോംവർക്കുകൾ ഉണ്ടായിരിക്കില്ലെന്നും ഇവിടെ നടപ്പാക്കാനാകുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നും കെ.ബി.ഗണേഷ്കുമാർ എംഎൽഎ. കുട്ടികൾക്ക് പുസ്തകം വീട്ടിൽ കൊടുത്തുവിടുന്നതും നിർത്തുകയാണ്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഭാവിയിൽ 4, 5, 6 ക്ലാസുകളിലും ഇത് ബാധകമാക്കും. വീട്ടിലെത്തുന്ന കുട്ടികൾ കളിക്കുകയും ടിവി കാണുകയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സമയം ചെലവഴിക്കുകയുമാണ് വേണ്ടതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളിലുണ്ടാകുന്ന മാനസിക വ്യത്യാസം പതിയെ മനസിലാകുമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും എംഎൽഎ അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി ഈറ്റിംഗ് ഡിസോർഡർ അനോറെക്സിയയുമായി ജീവിക്കുന്ന കനേഡിയൻ വനിത 47 കാരി ലിസ പോളിക്ക് രാജ്യത്തെ നിയമപ്രകാരം വൈദ്യശാസ്ത്ര സഹായത്തോടുള്ള മരണം അനുവദിക്കാൻ സാധ്യത. ലിസയ്ക്ക് 92 പൗണ്ട് ഭാരമുണ്ട്. ഖരഭക്ഷണം കഴിക്കാതെയാണ് ജീവിക്കുന്നതെന്നും ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പ്രയാസമാണെന്നും ലിസ വ്യക്തമാക്കി. 2021 മുതൽ മരിക്കാനുള്ള ആഗ്രഹം ലിസ വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യറിലെ ചില രാജ്യങ്ങളിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നിയമപരമായി വൈദ്യശാസ്ത്ര സഹായത്തോടുള്ള മരണം തിരഞ്ഞെടുക്കാൻ ഗുരുതര രോഗം ഉള്ളവർക്ക് അവകാശമുണ്ട്.
കുഞ്ഞു മനസ്സുകളിലെ സംഘർഷങ്ങൾ ഒഴിവാക്കി ചിരിയുണർത്താൻ കേരള പൊലീസ് ആരംഭിച്ച ഓൺലൈൻ കൗൺസലിംഗ് പദ്ധതിയായ ചിരി ശ്രദ്ധേയമാകുന്നു. 2020ൽ കൊവിഡ് കാലത്ത് ആണ് ചിരി പദ്ധതി ആരംഭിച്ചത്. ആത്മഹത്യ പോലുള്ള സംഭവങ്ങൾ നടന്ന വീട്ടിലെ കുട്ടികൾക്ക് ചിരി സംഘം വീടുകളിൽ നേരിട്ടെത്തിയാണ് കൗൺസലിംഗ് നൽകുന്നത്. സംസ്ഥാനത്താകെ ചിരി ഹെൽപ്പ് ഡെസ്കിലേക്ക് വിളിച്ച കുട്ടികളിൽ നിന്ന് ഏഴ് പോക്സോ കേസുകളുടെ വിവരങ്ങളാണ് ലഭ്യമായത്. മാനസിക സംഘർഷം കുറയ്ക്കുക, ആരോഗ്യം വർദ്ധിപ്പിക്കുക, ആപത് ഘട്ടങ്ങളിൽ സഹായം വാഗ്ദാനം ചെയ്യുക, സുരക്ഷിതവും ആഹ്ളാദകരവുമായ ബാല്യം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ൯൪൯൭൯൦൦൨൦൦ എന്നതാണ് ചിരി ഹെല്പ് ഡെസ്ക് നമ്പർ.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും സുപ്രീം കോടതി അനുമതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി ചികിത്സയ്ക്കായി ജില്ല വിട്ട് പോകാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാനാകാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി doctorlive tv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post