നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ
സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ട തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഷായുടെ കുടുംബത്തിനു സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും നടി സീമ ജി. നായരും ധനസഹായം ചെയ്തതായും മനോജ് പറഞ്ഞു. മനോജ് മമ്മൂട്ടിയെ കൊല്ലം ഷായുടെ വിവരം അറിയിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു. മമ്മൂട്ടി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയായിരുന്നുവെന്നും മനോജ് പറഞ്ഞു.
ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് സർക്കാരല്ലെന്നും വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവനാണെന്നും ഡോക്ടർമാരുടെ സംഘടനകൾ തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചതായും ഇത് വിവാദമാക്കേണ്ട വിഷയമില്ലെന്നും മന്ത്രി പറഞ്ഞു.
കൃത്രിമ മധുരങ്ങളിലൊന്നായ അസ്പാർട്ടെയിമിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ കാൻസർ ഗവേഷണ വിഭാഗം അറിയിച്ചു. കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. കൊക്കകോള മുതൽ ച്യൂയിങ് ഗം വരെയുള്ള ഉൽപ്പന്നങ്ങളിൽ അസ്പാർട്ടെയിം ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ അരലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ജയിൽശിക്ഷയും ലഭിക്കും. അതേസമയം, വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇതുസംബന്ധിച്ച കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി നിലവിൽ വരും. മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി.
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു. പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, തിരുവനന്തപുരം മലയൻകീഴിലും 15 പേരെ തെരുവുനായ ആക്രമിച്ചു.
മലപ്പുറം കുണ്ടൂരും തെരുനായ ആക്രമണ ഭീതിയിൽ. കുട്ടികൾക്ക് നേരെ പാഞ്ഞെത്തുന്ന തെരുവുനായകളുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി പോവുന്നതിനിടെയാണ് തെരുവുനായകൾ ആക്രമിക്കാൻ വന്നത്. രണ്ട് കുട്ടികളും രണ്ടായി പിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയും വീട്ടുകാർ തെരുവുനായ കൂട്ടത്തെ തുരത്തി ഓടിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 171 പേർ പനി ബാധിച്ച് മരിച്ചു. അതേസമയം, ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകര്‍ച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി. പനി ബാധിച്ച കുട്ടിക്ക് കുത്തിവയ്പ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശമെന്നും കുട്ടിയുടെ അച്ഛന്‍ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെയാണ് നഴ്‌സ് കുത്തിവയ്പെടുത്തതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. എന്നാൽ രണ്ടാമതും കുത്തിവയ്പെടുക്കാൻ തുടങ്ങിയപ്പോൾ കുട്ടിയുടെ അച്ഛൻ ഇക്കാര്യം ചോദിച്ചതായും നായയുടെ കടിയേറ്റാല്‍ 2 കുത്തിവെപ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്‍റെ മറുപടിയെന്നും ബന്ധുക്കൾ പറഞ്ഞു. പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. അതേസമയം, ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു.
കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍ യുവാക്കളില്‍ കൂടിവരുന്നതായി പഠനം. സാധാരണ 50 വയസിന് മുകളിലുള്ളവർക്കാണ് രോഗസാധ്യത കൂടുതലെങ്കിലും ഇപ്പോൾ 50 വയസിൽ താഴെയുള്ളവരെയും അസുഖം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. റീജന്‍സ്ട്രീഫ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മലത്തില്‍ രക്തം, വയറ്റില്‍നിന്ന് പോകുന്നതില്‍ തുടര്‍ച്ചയായി വ്യത്യാസങ്ങള്‍, വയറുവേദന, വയര്‍ കമ്പിച്ച് വീര്‍ക്കല്‍, ഛര്‍ദ്ദി, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലാശയ അര്‍ബുദമുള്ള 600 വ്യക്തികളുടെ ഡേറ്റകൾ പഠനവിധേയമാക്കി. 35-നും 49-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയായിരുന്നു പഠനത്തിന്റെ ഭാഗമാക്കിയത്. പുകയില ഉപയോഗം, ഇ-സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകവലി ശീലം, മദ്യപാനം, അമിതവണ്ണം, എന്നിവയെല്ലാം മലാശയ കാൻസർ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി doctorlive tv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post