നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
പത്തനംതിട്ട തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗുരുനാഥൻ മണ്ണ് വനമേഖലയിൽ അഞ്ചു കിലോമീറ്ററിലധികം ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ വന്യമൃഗങ്ങൾ നിറഞ്ഞ വനത്തിൽ എത്തി സേവനം നൽകിയ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള സംഘത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് അഭിവാദ്യം അർപ്പിച്ചു. സ്നേഹത്തോടെയുള്ള കരുതൽ എന്ന അടിക്കുറുപ്പോടെയായിരുന്നു ആരോഗ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.
രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്‌ത് കോഴിക്കോട് വടകര സ്വദേശി അബുബക്കർ ഇർഫാൻ ഇക്‌ബാൽ. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം കണ്ടെത്തിയത്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് ഇർഫാൻ രക്തമൂലകോശ ദാനം നടത്തിയത്. രക്താർബുദം, തലസീമിയ പോലെയുള്ള നൂറോളം രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണ് രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ. പതിനായിരം മുതൽ 20 ലക്ഷം വരെയുള്ള ദാതാക്കളെ പരിശോധിച്ചാൽ മാത്രമേ യോജിച്ച ഒരു ദാതാവിനെ ലഭിക്കാൻ സാധ്യതയുള്ളു.
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ഒരു മരണം. കാസർഗോഡ് സ്വദേശി അശ്വതിയാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്ച പനിയെ തുടർന്ന് യുവതി കാസർഗോഡ് ആശുപത്രിയിലെത്തി ചികിത്സതേടുകയും പിന്നീട് വീട്ടിലേക്ക് പോവുകയുമായിരുന്നു. എന്നാൽ ചൊവ്വാഴ്ച പനി കൂടിയതോടെ ആശുപത്രിയിലെത്തുകയും നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന അതിസൂക്ഷ്മമായ കഷ്ണങ്ങളായ മൈക്രോപ്ലാസ്റ്റിക്സ് കുടലിനെ അപകടകരമായ വിധം ബാധിച്ചേക്കാമെന്നു പഠനം. കടലിലും പുഴയിലും മഞ്ഞിലും വായുവിലുമെല്ലാം കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയുമെല്ലാം വളരെപ്പെട്ടെന്നു മനുഷ്യ ശരീരത്തിലെത്താം.
ശരാശരി മനുഷ്യന്‍റെയുള്ളിലേക്ക് പ്രതിവര്‍ഷം 74,000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, കുടലില്‍ മുഴകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് മൈക്രോപ്ലാസ്റ്റിക്സ് കാരണമാകാമെന്ന് ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുടലിന് പുറമേ രക്തത്തിലും തലച്ചോറിലുമെല്ലാം മൈക്രോപ്ലാസ്റ്റിക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു. മൂലകോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ കുടലിന് സമാനമായ ത്രിമാന ഘടനകളായ ഓര്‍ഗനോയ്ഡുകള്‍ നിര്‍മിച്ചാണ് ഗവേഷണം നടത്തിയത്. നാനോമെഡിസിന്‍ ജേണലിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും മഴ കുറയുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
കൊച്ചിയിൽ ചികിത്സയിൽ തുടരുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട മഅദനിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാകാൻ കാരണം. അതേസമയം, മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു.
പാലക്കാട് അമ്മ ഉപേക്ഷിച്ചതിനെത്തുടർന്നു വനപാലകരുടെ പരിചരണത്തിലായിരുന്ന കാട്ടാനക്കുട്ടി ചരിഞ്ഞത് ആന്തരാവയവങ്ങളിലെ അണുബാധ മൂലമെന്നു പ്രാഥമിക നിഗമനം. ജനിച്ചപ്പോൾ തന്നെ പ്രതിരോധശേഷി കുറവായിരുന്ന ആനക്ക് അണുബാധ കൂടി വന്നതോടെ ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. രണ്ടാഴ്ചയായി അട്ടപ്പാടി ബൊമ്മിയാംപടിയിലെ കൃഷ്ണവനത്തിൽ താൽക്കാലിക ക്യാംപിൽ കഴിയുകയായിരുന്ന ആനക്കുട്ടി ചൊവ്വാഴ്ചയാണ് ചെരിഞ്ഞത്. ആനയുടെ ആന്തരാവയവങ്ങളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്ക് അയച്ചു.
കൂടുതൽ ആരോഗ്യവർത്തകൾക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post