വേദനയില്ലാതെ കുത്തിവയ്ക്കാന്‍ സിറിഞ്ച്, ക്യാന്‍സറിന് വാക്‌സിന്‍ വികസിപ്പിച്ച് ഗവേഷകര്‍, നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയായ തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്ത് ഉള്‍പ്പെടെയുള്ള സംഘമാണ് നിര്‍ണായകമായ കണ്ടുപിടിത്തത്തിന് പിന്നില്‍. വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ചെലവ് കൂടുതലാണ്. നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്സില്‍ ഗവേഷണം സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു. കരളിനെ ബാധിക്കുന്ന കാന്‍സര്‍ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനും, സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനുള്ള എച്ച് പി വി വാക്‌സിനും അടക്കം കാന്‍സറിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അഞ്ച് വര്‍ഷത്തിനുള്ളില്‍ വാക്സിനുകള്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. രോഗത്തെ മുഴുവനായും തടയുന്ന വാക്‌സിനുകളല്ല ഇതെന്നും പകരം കാന്‍സര്‍ മുഴകള്‍ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്‌സിനുകളാണെന്നും ഗവേഷകര്‍ പറഞ്ഞു. കാന്‍സറിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുന്നവരെയാണ് ഗവേഷണത്തിന് പരിഗണിച്ചതെന്നു പിറ്റ്സ്‌ബെര്‍ഗ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ വാക്‌സിന്‍ ഗവേഷക ഒല്‍ജ ഫിന്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ശിരോവസ്ത്രവും സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥികളുടെ കത്ത്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല എന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നു. ഓപ്പറേഷന്‍ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍, ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍ ഇടക്കിടക്ക് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാകും. ഈ സാഹചര്യത്തില്‍ കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ മറുപടി നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തൃശൂര്‍ കോടശ്ശേരി പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. ഫാമില്‍ 370 ഓളം പന്നികളാണുണ്ടായിരുന്നത്. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഫാമില്‍ നിന്നു മറ്റിടങ്ങളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ചെക്പോസ്റ്റുകള്‍ വഴിയുള്ള പന്നിക്കടത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.
സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം മാത്രം ഒന്‍പതു പേരാണ് എച്ച് 1എന്‍ 1 ബാധിച്ച് മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതുവരെ 171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം എച്ച് 1എന്‍ 1 ബാധിച്ച് 23 പേരാണ് മരിച്ചത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥി നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനം. ഈ മാസം 11നായിരുന്നു നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ നിഹാലിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടില്‍ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ദേഹമാസകലം കടിയേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും അക്രമമുണ്ടായാല്‍ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിക്കുന്നത്. കോഡ് ഗ്രേ പ്രോട്ടോകോള്‍ ശില്‍പശാല ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കടുത്ത വിഷാദരോഗമായ മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍ ഉള്ള രോഗികളില്‍ 27 ശതമാനം പേരെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് എന്നാണ് ഈ പുതിയ ഉപവിഭാഗത്തിനു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ശ്രദ്ധ, ഓര്‍മ, ആത്മനിയന്ത്രണം പോലുള്ള ധാരണശേഷിയെ സംബന്ധിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ തരം വിഷാദരോഗം. 700 വിഷാദരോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 27 ശതമാനം പേരിലും കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് കണ്ടെത്തി. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post