നോക്കാം ഈ മണിക്കൂറിലെ സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
നെഞ്ചുവേദനയുമായി ചികിത്സയ്ക്കെത്തിയ രോഗി ആശുപത്രി ജീവനക്കാരുടെ അവഗണനമൂലം മരണപ്പെട്ടതായി പരാതി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. രോഗിയായ മേരി, ഡോക്ടറെ കാണുന്നതിനും ഇ.സി.ജി എടുക്കുന്നതിനും പലതവണ പടികള്‍ കയറി അവശയായതായും, ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ വീല്‍ച്ചെയറോ സ്ട്രച്ചറോ നല്‍കിയില്ലെന്നും ആരോപണത്തില്‍ പറയുന്നു.
റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് സുനിലും മുങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ പ്രത്യുഷ മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായ വിവരം നേരത്തെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. തടാകകരയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതിവീണ പ്രത്യുഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിദ്ധാര്‍ത്ഥും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
അന്തരിച്ച സംവിധായകന് ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. കഴിഞ്ഞ ശനിയാഴ്ച ഒരു സിനിമയുടെ ചര്‍ച്ചക്കായി കോഴിക്കോടുപോയ ബൈജു മടക്കയാത്രയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനാല്‍ കൊച്ചിയില്‍ ചികിത്സതേടി. ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബൈജുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്നും, ഇതിനാലാണ് ഭക്ഷ്യവിഷബാധ സംശയിക്കുന്നതെന്നുമാണ് പുറത്തുവന്ന വിവരം.
വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ എന്ന ഗാനത്തിന് എതിരെ പരാതി. ചുണ്ടില്‍ സിഗരറ്റുമായി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന വിജയ് പാട്ടില്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഗാനം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ചെന്നൈ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്കിയ സാമൂഹിക പ്രവര്ത്തകന് വിജയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ബി.പിയില്‍ വ്യത്യസമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു.
മസ്കുലര്‍ ഡിസ്ട്രോഫിയെ തോല്‍പ്പിച്ച് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ രാജാക്കാട് സ്വദേശി ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ച് 90 ശതമാനത്തോളം വൈകല്യങ്ങളാല്‍ പ്രയസപ്പെടുന്ന ഇന്‍ഫന്റ്, താന്‍ പഠിച്ച ജിഎച്ച്എസ്എസ് ബൈസണ്‍ വാലി സ്കൂളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഏക വിദ്യാര്‍ത്ഥികൂടിയാണ്.
ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗസാധ്യതയും വളരെ കൂടുതലാണ്. ഇവയില്‍ ഈഡിസ് ഈജിപ്റ്റിസ് കൊുതുകളേക്കാള് രോഗവ്യാപനശേഷി കൂടുതലുള്ള ഈഡിസ് ആബോപിക്ടസ് വഭാഗമാണ് കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടുത്തം. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് വലിയതോതില്‍ പുക ഉയരുന്നുണ്ട്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post