നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
ആരോഗ്യവകുപ്പിന് നാണക്കേടായി കാസര്‍കോട് ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്ക് മൃതദേഹം ചുമന്ന് ഇറക്കേണ്ടിവന്നതാായണ് ആരോപണം. ബേക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ആറാം നിലയില്‍നിന്നു ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ചുമന്ന് ഇറക്കിയത്. കഴിഞ്ഞ മൂന്നുമാസതോളമായി ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു മുന്‍പും ആശുപത്രിയില്‍ മുകളിലത്തെ നിലയില്‍നിന്നു മൃതദേഹം ചുമന്നിറക്കുകയും ഇതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റിന്റെ നിര്‍മാണത്തിനായി മൂന്നുദിവസം മുമ്പു മാത്രമാണു അവശ്യ സാധനങ്ങള്‍ ആശുപത്രിയില്‍ എത്തിക്കാനായത്.
അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍. ബോസ്റ്റണില്‍ ഈയാഴ്ച നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റ്റം സെല്‍ റിസേര്‍ച്ചേഴ്സ് സമ്മേളനത്തിലാണ് പുതിയ ഗവേഷണം പങ്കുവെച്ചത്. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജും ചേര്‍ന്നാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജനിതക ക്രമക്കേടുകള്‍, ഗര്‍ഭം അലസല്‍ തുടങ്ങിയ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഈ കൃത്രിമ ഭ്രൂണങ്ങളുടെ പഠനം ഒരുപരിധിവരെ സഹായിച്ചേക്കാമെന്നും നിയമപരമായി മനുഷ്യനില്‍ കൃത്രിമ ഭ്രൂണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മൃഗങ്ങളില്‍ പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല എന്നും ഗവേഷകര്‍ പറയുന്നു.
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെ കേരളാ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുള്ളതായും 19ാം തീയതി വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസാര വൈകല്യമുള്ളവര്‍ക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയന്‍ ടെക്നോളജി ലാബിലെ ഗവേഷകര്‍. നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തില്‍ ക്യാമറ, ഡിസ്പ്ലേ, സ്പീക്കര്‍, കണ്‍ട്രോളര്‍, ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ ഉപയോഗിക്കാവുന്ന റീചാര്‍ജാബിള്‍ ബാറ്ററി എന്നിവ ഉള്‍പ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത AI അല്‍ഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം ക്യാമറ തിരിച്ചറിയുന്നത് വഴി അക്ഷരമാലയായോ വാക്കോ വാക്യമായോ അത് പരിവര്‍ത്തനം ചെയ്യുന്നു. അതോടൊപ്പം തന്നെ കണ്ടെത്തിയ വാക്കും വാക്യങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, സ്പീക്കറുകളിലൂടെയുള്ള ശബ്ദം രോഗിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും, അതോടൊപ്പം രോഗിക്ക് മറ്റുള്ളവരോട് സംസാരിക്കാനുള്ള ഒരു തോന്നലും ലഭിക്കുന്നു. നിലവില്‍ ഇംഗ്ലീഷില്‍ സജ്ജീകരിച്ചിരിക്കുന്ന നേത്രവാദ്, മലയാളം, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. രോഗിയുടെ സൗകര്യങ്ങള്‍ക്കായി ഏത് സ്ഥാനത്തും ക്രമീകരിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ ഉപകരണമാണ് നേത്രവാദ്. നേത്രവാദ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ രോഗികള്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും രോഗിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ച് പരിശീലനത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുകയും ചെയ്യുന്നു.
രാജ്യത്തെ 16 ശതമാനം വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 60നും 80നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 7,911 പേര്‍ പീഡനങ്ങള്‍ നേരിടുന്നതായി കണ്ടെത്തി. അതില്‍ 40% ആളുകള്‍ ആണ്‍ മക്കളില്‍ നിന്നും 17 ശതമാനം ആളുകള്‍ പങ്കാളിയില്‍നിന്നും പീഡനം നേരിടുന്നവരാണ്. 43 ശതമാനം പേര്‍ ശാരീരിക പീഡനം നേരിട്ടതായി കാണിക്കുന്നു. 40 ശതമാനം പേര്‍ മാനസിക പീഡനം അനുഭവിച്ചവരാണ്. ലോക വയോജന ദുരുപയോഗ ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ഹെല്‍പ് ഏജ് ഇന്ത്യ പുറത്തിറക്കിയ ‘സ്ത്രീകളും വാര്‍ധക്യവും: ഇല്ലാതാവുകയോ, ശക്തമാവുകയോ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി മാധ്യമങ്ങള്‍ അറിയിച്ചു. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലികാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന സേനയുടെയും 36 ടീമുകളെയും, ആര്‍മി, നേവി ടീമുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഗുജറാത്തിലെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നും, രാജസ്ഥാന്‍ ഭാഗത്തേക്കുള്ള കാറ്റിന്റെ സഞ്ചാരം രാജസ്ഥാനില്‍ കനത്ത മഴയുണ്ടാക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ധാരാളം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. 102 പേരെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്. ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍ യുവത്വമുള്ളതായി തീരുന്നതായി ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുന്നതിന് മുന്‍പും 18 മാസങ്ങള്‍ക്ക് ശേഷവും ഇവരുടെ തലച്ചോറിന്റെ സ്‌കാനുകള്‍ എടുത്തിരുന്നു. തലച്ചോര്‍ കൂടുതല്‍ ചെറുപ്പമായിരുന്നവരില്‍ കരളിലെ കൊഴുപ്പ് കുറഞ്ഞതായും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെട്ടതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്‌കരിച്ച ഭക്ഷണം, മധുരം, മദ്യം എന്നിവ കുറച്ചുള്ള ആരോഗ്യകരമായ ജീവിതശൈലി തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പരമപ്രധാനമാണെന്ന് ഗവേഷണണത്തിന് നേതൃത്വം നല്‍കിയ ന്യൂറോസയന്റിസ്റ്റ് ഗിഡോണ്‍ ലെവകോവ് കൂട്ടിച്ചേര്‍ത്തു. ഇലൈഫ് ജേര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍, വാര്‍ഡുകളില്‍ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും. ജീവിത ശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കുന്നതിനും, അവയെ പ്രതിരോധിക്കുന്നതിനും, യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ വളരെയേറെ സഹായകമാകും. വിവിധ എന്‍.ജി.ഒ.കള്‍, യോഗ അസോസിയേഷനുകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കുമെന്നും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post