നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയിലെ ഡെങ്കിപ്പനി പകര്‍ച്ചവ്യാധിയുടെ തോത് 29 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 5,326 കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് ഡെങ്കുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയിലെ 60 ശതമാനം കുട്ടികള്‍ക്കും ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതാണ് കേരളത്തിലെ കൂടിയ കണക്കുകള്‍ക്ക് പിന്നിലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യമായ രോഗ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ തീരത്ത് 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ ഒന്നര വയസ്സുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ആരോപണം. ചെക്കക്കോണം സുജിത് സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആവിയെടുത്ത് മരുന്ന് നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേയ്ക്ക് മടക്കി അയച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിച്ചു. മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്‍പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതെസമയം ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
മിതമായ അളവില്‍ മദ്യപിച്ചാലും അറുപതോളം വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യു.കെ.യിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ ഗ്രാമ,നഗര പ്രദേശങ്ങളില്‍ നിന്നുള്ള 512,000 പേരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. പന്ത്രണ്ടു വര്‍ഷത്തോളം ഇവരുടെ മദ്യ ഉപഭോഗവും പില്‍ക്കാലത്തുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും പരിശോധിക്കുകയും പിന്നീട് ഇവരില്‍ ഇരുനൂറോളം വിവിധ രോഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 207 രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതില്‍ അറുപതെണ്ണവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. പഠനത്തില്‍ പങ്കാളികള്‍ ആയവരിലേറെയും പുരുഷന്മാരായിരുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട് നേരത്തെ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്ന ഇരുപത്തിയെട്ടോളം രോഗങ്ങളെക്കുറിച്ചും പഠനത്തില്‍ പറയുന്നു. നേച്വര്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗവ്യാപനം മഴക്കാലത്ത് ഏറെയായതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ശരീരഭാഗമാണ് പാദങ്ങളെന്നും, റോഡുകളിലും വഴികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും പാദങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രയപ്പെട്ടു. പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നത് ഫംഗല്‍ അണുബാധ, വളംകടി, കുഴിനഖം, വാതദോഷം തുടങ്ങിയവയ്ക്ക് ഇടയാക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹം മൂലം സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്കും ശരീരത്തില്‍ അണുബാധ വരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.
പത്തനംതിട്ട അടൂരില്‍ ബയോമെഡിക്കല്‍ സംസ്‌ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പാലക്കാട് മലമ്പുഴയില്‍ 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കേന്ദ്രമാക്കി മൂന്നര ഏക്കറിലാണ് രണ്ടാമത്തെ പ്ലാന്റ് വരുന്നത്. നിലവില്‍ പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പ്രതിദിനം 55.8 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യമാണ് സംസ്‌ക്കരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്നുള്ള മുഴുവന്‍ മാലിന്യങ്ങളും ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്രത്തിലേക്കാണ് കൊണ്ടുവരുന്നത്. അടൂരിലെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ഇവിടെ സംസ്‌ക്കരിക്കാനാകും. പുതിയ പ്ലാന്റിന് വേണ്ടി സര്‍ക്കാര്‍ അനുമതി നേടിയെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഐ എം എ ഭാരവാഹികള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം. തലശേരി ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി അക്രമിച്ചതായാണ് പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ ഡോക്ടര്‍ പോലീസിന് പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി & ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് രോഗമുക്തരായ ചിലരില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല അനുബന്ധപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ലോങ് കോവിഡ് ക്ലിനിക്കിലേക്ക് നിര്‍ദേശിച്ച 3,750 ലോങ് കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. ഭൂരിഭാഗം പേര്‍ക്കും ഗൗരവകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പലരും കാന്‍സറിനു ശേഷമുള്ള അനീമിയയോ ഗുരുതരമായ കിഡ്‌നി രോഗമോ അനുഭവിക്കുന്നവരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാള്‍ അധികമോ ക്ഷീണം അനുഭവിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലോങ് കോവിഡ് രോഗികളില്‍ പലരുടെയും ദൈനംദിന ജീവിതം സ്‌ട്രോക് രോഗികളേക്കാള്‍ മോശമോ പാര്‍ക്കിന്‍സണ്‍സ് രോഗികളുടേതിന് സമാനമോ ആണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചവരില്‍ പതിനേഴു ശതമാനം പേര്‍ക്ക് ലോങ് കോവിഡ് ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ബി.എം.ജെ ഓപ്പണ്‍ എന്ന മാഗസിനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂണ്‍ ഒന്നിനു മാത്രം പനി ബാധിച്ചവര്‍ 636 പേരാണ്. ഈ മാസത്തില്‍ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ 133-ഉം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുമാണ്. 316 പേര്‍ ഡെങ്കിപ്പനി സംശയത്തില്‍ നിരീക്ഷണത്തിലാണ്. പനി മാറിയാലും ദീര്‍ഘനാളുകളോളം അവശതയും ക്ഷീണവും തുടരുന്നതായും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പനിയും രോഗലക്ഷണങ്ങളും മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്പൂര്‍ണ വിശ്രമം ഉറപ്പുവരുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. വീടും പരിസരവും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ആഴ്ചതോറും ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post