നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
ഏഴുകിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി. മെയ് 30ന് ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനുവിന്റെ നേതൃത്വത്തിലായിരുന്നു. കുഞ്ഞ് പൂര്‍ണമായി സുഖം പ്രാപിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയ വൈകല്യം ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ തന്നെ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയുമായിരുന്നു. 2021 സെപ്റ്റംബറില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാൽ എസ്.എ.ടി. ആശുപത്രിയില്‍ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ നടത്തുന്നത്. കേരളത്തില്‍ തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഇതിനായുള്ള സൗകര്യമുള്ളൂ. എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിക്കുകയുണ്ടായി. മന്ത്രി കുഞ്ഞിനെ സന്ദർശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.
മലപ്പുറം കരുവാരക്കുണ്ടിൽ ഡെങ്കിപ്പനി പടരുന്നു. തിങ്കളാഴ്ച മാത്രം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 38 ആയി. സംസ്ഥാനത്തുതന്നെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കരുവാരക്കുണ്ട് മുന്നിലാണ്. പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും ഡെങ്കിപ്പനി വ്യാപിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളായ കാളികാവിലും ചോക്കാട്ടും ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കരുവാരക്കുണ്ടിലെ സ്ഥിതി ആശങ്ക പടർത്തുന്നതാണ്. രോഗബാധിതരുടെ എണ്ണം കുറയാത്തതിനാൽ കരുവാരക്കുണ്ട് ഡെങ്കിപ്പനി ഹോട്സ്പോട്ടിൽ തുടരുകയാണ്. പ്രത്യേക സാഹചര്യം മുൻനിർത്തി പരിസ്ഥിതിദിനത്തിൽ പുൽവെട്ട ഗവ. എൽ.പി. സ്കൂളിലെ ജെ.ആർ.സി. അംഗങ്ങൾ സ്കൂൾ പരിസരത്തെ വീടുകളിൽ ബോധവത്കരണ സന്ദേശം നൽകി. ആരോഗ്യ വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥർ ഉൾപ്പെടെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം. രണ്ട് ദിവസം മുൻപ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കക്കോടി ഹെൽത്ത് സെൻററുകളിലും മറ്റു പല ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നു. രക്ഷകർത്താക്കൾ അദ്ധ്യാപകരുമായി ബന്ധപ്പെട്ടപ്പോൾ സ്കൂളിൽ പ്രശ്നമില്ല എന്ന മറുപടിയാണ് പലർക്കും ലഭിച്ചത്. ഹെൽത്ത് ഇൻസ്പെക്ടറും എഇഒയും അടക്കം സ്കൂളിൽ വന്ന് പ്രശ്നം ഒതുക്കി തീർക്കനാണ് ശ്രമിക്കുന്നത് എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.
മധ്യകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും, സംസ്ഥാനത്ത് കാലവർഷം എത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയൊ ഉണ്ടായേക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ന്യൂതന സംരംഭമായ ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് യാഥാർഥ്യമാകുന്നു. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് രാവിലെ 10.30ന് മസ്‌കറ്റ് ഹോട്ടലില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ‘Food Standards Save lives’ എന്നാതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും, ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്നതാണ്. പരാതി പരിഹാരത്തിനായി ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിങ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിങ് നടത്തി
ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പിൽ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തൃശൂർ സ്വകാര്യ ആശുപത്രിയിൽ നേഴ്സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ആശുപത്രി അധികൃതർ പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. യുഎൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടൽ എന്ന് ജീവനക്കാർ ആരോപിച്ചു. മിനിമം സ്റ്റാഫിനെ നിർത്തി ബാക്കിയുള്ള ജീവനക്കാരാണ് പണിമുടക്കുന്നത്. പ്രൊബേഷൻ പിരീഡിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ പ്രവർത്തനം മോശമായതിനാൽ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പിരിച്ചുവിട്ട നേഴ്‌സുമാരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാർ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ ആരോഗ്യ സർവകലാശാല ഇടപെടും. ദേശീയ മെഡിക്കൽ കമ്മീഷനുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. സീറ്റ് നഷ്ടപ്പെടാനിടയായ അപാകതകൾ പരിഹരിക്കാമെന്ന് മൂന്ന് മെഡിക്കൽ കോളേജുകളും ആരോഗ്യ സർവകലാശാലയെ അറിയിച്ച സാഹചര്യത്തിലാണിത്. മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകളിലെയടക്കം 450 എംബിബിഎസ് സീറ്റുകളുടെയും രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ 11 മെഡിക്കൽ പിജി സീറ്റുകളുടെയും അംഗീകാരമാണ് നഷ്ടപ്പെട്ടത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ മെഡിക്കൽ കൗൺസിൽ മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുത്തത്.
കാൽമുട്ട് വേദനയെ തുടർന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ട്യൂമർ. ഇംഗ്ലണ്ട് സ്വദേശിയായ ബെഥനിക്കാണ് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ അപൂർവ രോഗം സ്ഥിരീകരിച്ചത്. ഇവ കൂടുതലും കൈകളുടെയും കാലുകളുടെയും നീളമുള്ള അസ്ഥികളെയാണ് ബാധിക്കുന്നത്. ഏഴ് വർഷം മുമ്പാണ് യുവതിക്ക് കാൽമുട്ടിൽ വേദന അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് ഡോക്ടറെ സന്ദർശിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം എക്സ്-റേ എടുത്ത് പരിശോധനയും നടത്തി. കാൽമുട്ടിൽ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് എക്സ്-റേയിൽ നിന്ന് വ്യക്തമായതിനെ തുടർന്ന് തെറാപ്പിസ്റ്റിനെ കാണണമെന്നും വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടർ നിർദേശിച്ചു. പിന്നീടും മുട്ടുവേദന രൂക്ഷമാവുകയും ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കവെ കാൽമുട്ടിന്റെ അസ്ഥി ഒടിയുകയുകയും ചെയ്തതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് കാൽമുട്ടിൽ ട്യൂമർ വളരുന്നതായി കണ്ടെത്തിയത്. തുടർന്ന് കാൽമുട്ടും തുടയെല്ലും മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. ശസ്ത്രക്രിയ നടത്തിയ നൂറിൽ 99 പേർക്കും പൂർണ്ണ ചലനശേഷി തിരികെ കിട്ടിയിട്ടില്ലെങ്കിലും ഏഴാഴ്ച്ചത്തെ ഫിസിക്കൽ തെറാപ്പിക്കൊടുവിൽ ബെഥനി പതിയെ നടന്നുതുടങ്ങിയതായി ഡോക്ടർ അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post