പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാലു വർഷം പിന്നിട്ടു. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് വീടുകളിൽ നിന്ന് ശേഖരിച്ച് ഡിവൈഎഫ്ഐ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു. ഒരു കോടിയോളം പൊതിച്ചോറുകളാണ് തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത്. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണത്തിന്റെ നാലാം വാർഷികം ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡുവെച്ച് ചികിത്സിക്കുന്നതായി കണ്ടെത്തിയത്. 2017-ലായിരുന്നു ഇയാൾ സർക്കാർ ഡോക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. 2019 മുതൽ ഇയാൾ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്നിരുന്നതായി വിജിലൻസിന് വിവരം ലഭിച്ചതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.
ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ ഏഷ്യൻ വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. സുസെയ്ന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59-കാരിയാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്. പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യവനിതയാവുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ സുസെയിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
18.79 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോതമംഗലം സ്വദേശി റിജു, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി അൽബർട്ട് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു ഇവർ പിടിയിലായത്. ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ കണ്ടെത്തി. 95,000 വനിതകളിൽ നിന്നുള്ള ഡേറ്റകൾ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. ശരാശരി 49 വയസ്സ് പ്രായമുണ്ടായിരുന്ന ഇവരിൽ പഠനത്തിന്റെ തുടക്കകാലത്ത് രോഗം കണ്ടെത്തിയിരുന്നില്ല. തുടർന്ന് മുപ്പത് വർഷത്തോളം ഇവരെ നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ഇവരിൽ ആയിരം പേർക്ക് പിൽക്കാലത്ത് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്തവരിൽ വ്യായാമത്തിലേർപ്പെട്ട വിഭാഗത്തിന്റെ പാർക്കിൻസൺസ് ഡിസീസ് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി.
ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഇനി ഹെൽത്ത് എ ടി എമ്മുകളും.
രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിവയെല്ലാം
ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഓട്ടോമാറ്റിക് യന്ത്രമാണ് ഓരോ ഹെല്‍ത്ത് എടിഎമ്മിലും ഉണ്ടാവുക. ഹീല്‍ ഫൗണ്ടേഷനും ഇന്ത്യ ഹെല്‍ത്ത് ലിങ്കും സംയുക്തമായാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ ആരംഭിച്ചിരിക്കുന്നത്. ജീവന്‍ രക്ഷ ഉപകരണങ്ങളും അടിയന്തര സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവയിലുണ്ട്. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തിലും ശേഖരിക്കപ്പെടും. ഹെല്‍ത്ത് എടിഎമ്മുകളില്‍ സൃഷ്ടിക്കുന്ന രോഗികളുടെ ഐഎച്ച്എല്‍ ഹെല്‍ത്ത് അക്കൗണ്ടുകള്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി സംയോജിപ്പിക്കുമെന്ന് ഇന്ത്യ ഹെല്‍ത്ത് ലിങ്ക് അധികൃതർ അറിയിച്ചു.
ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി. പത്തുദിവസമാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ സോണ്‍ടയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപ്പിടിത്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോണ്‍ടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെയാണ് കരാര്‍ റദ്ദാക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ മാലിന്യസംസ്‌കരണ കേന്ദ്രമായ ബ്രഹ്‌മപുരത്തുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ വിവാദത്തിലായ കമ്പനിയാണ് സോണ്‍ട.
Discussion about this post