നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കൊച്ചിയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണത്യം. ഡൽഹി എയിംസിലെ ഡോക്ടറായ ഇടുക്കി സ്വദേശിനി ലക്ഷ്മി വിജയനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ വച്ചുണ്ടായ അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
കോട്ടയം എരുമേലി സ്വദേശികളായ പുറത്തേൽ ചാക്കോച്ചൻ, പ്ലാവനാക്കുഴിയിൽ തോമസ്, എന്നിവരും കൊല്ലം ഇടമുളക്കലിൽ സാമുവൽ വർഗീസുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരുമേലിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിൽ 22 പേരുടെ മരണത്തിനു കാരണമായ വിഷ മദ്യ ദുരന്തത്തിന് കാരണം മെഥനോൾ എന്ന് കണ്ടെത്തൽ. സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത മദ്യം മെഥനോൾ ആണെന്ന് കണ്ടെത്തിയതായി സംസ്ഥാന ഡി ജി പി പറഞ്ഞു. മെഥനോൾ ഫാക്‌ടറികളിൽ നിന്ന് മോഷ്ടിച്ചതാണെന്നും അത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായും ഡി ജി പി അറിയിച്ചു.
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളായിരുന്നു മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. മെയ് 10 ന് ആയിരുന്നു ആശുപത്രിയിൽ വച്ച് പ്രതി ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡോക്ടർ വന്ദനദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു . സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ. മലപ്പുറം മാറഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളതെന്ന് മാധ്യമ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.
പത്താം ക്ലാസ് വിദ്ധാർഥിയായ ആറ്റിങ്ങൽ സ്വദേശി സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സാരംഗ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാംരംഗിന് ആദരാഞ്ജലി അര്‍പ്പിച്ചു. സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നൽകി. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ് എന്നും മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന രീതിയാണ് ട്രയാജ് സംവിധാനം. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ജില്ലാ ആശുപത്രികളിലും ട്രയാജ് നടപ്പാക്കും. നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ പുനക്രമീകരിച്ചാണ് ട്രയാജ് വ്യാപകമാക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയുള്ള അക്രമം കൂടിയ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നല്കാനാകാതെ വലഞ്ഞു ആശുപത്രികൾ. പല ആശുപത്രികളിലും കമ്പനികൾ വിതരണം താത്കാലികമായി നിർത്തിവച്ചു. സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾക്കാണ് കാസ്പിന്റെ സേവനം ലഭിക്കുന്നത്. ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ സഹായമായി ലഭിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഇത്.
ചാറ്റ് ജിപിടി, ബാര്‍ഡ് തുടങ്ങിയ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി തുറന്നിടുന്ന അനന്ത സാധ്യതകള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോഴും സാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ ആശങ്കകളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പരീക്ഷിക്കപ്പെടാത്ത എഐ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യ രക്ഷ ഈ രംഗത്തെ ജീവനക്കാര്‍ക്ക് തെറ്റ് പറ്റാന്‍ ഇടയാക്കാമെന്നും അത് രോഗികള്‍ക്ക് ഹാനികരമാകാമെന്നും ഡബ്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. തെറ്റായ വിവരങ്ങള്‍ വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ളവാ ദുരുപയോഗിക്കപ്പെടാമെന്നും ലോകാരോഗ്യ സംഘടന കരുതുന്നു. വാക്കുകളായും ചിത്രങ്ങളായും വിഡിയോകളായും നിര്‍മിത ബുദ്ധി ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ നൽകാനുള്ള സാധ്യതയും ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി സുരക്ഷാ സംവിധാനങ്ങളിലെ പിഴവെന്ന് വിലയിരുത്തൽ. ഒരു മരുന്നു സംഭരണശാലയ്ക്കു വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. താപനില ഉയർന്നത് അപകടകരമായി. മേൽക്കൂരയിലെ പോളികാർബണും ടിൻ ഷീറ്റും പൂർണമായും കത്തിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത സ്ഥലത്താണു മരുന്ന് സംഭരണശാല പ്രവർത്തിക്കുന്നത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യത. അതേസമയം, ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്‌ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്നാണ് ആവശ്യം. ഇവിടെ ഫിസിഷ്യന്മാരുടെ കുറവു മൂലം മറ്റു ഡോക്ടർമാർക്ക് ജോലി ഭാരവും കൂടുതലാണ്. ഒഴിഞ്ഞുകിടക്കുന്ന ആർഎംഒ തസ്തികയിലേക്കും നിയമനം നടന്നിട്ടില്ല. ചികിത്സ തേടി മറ്റു ജില്ലകളിൽ നിന്നുപോലും രോഗികൾ എത്തുന്ന ആശുപത്രിയാണിത്.
മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം- ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post