കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു ആണ്. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തതും, രോഗികൾക്കായി ലിഫ്റ്റിനുപകരം സംവിധാനം ഒരുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദ്ദേഹം ചുമന്ന് താഴെ എത്തിച്ചത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായി. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരം പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുൻപ് 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം പെട്ടെന്ന് ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് ക്വാർട്ടേഴ്സിലുള്ളവർ , കുട്ടിയുടെ സുഹൃത്തുകൾ , അടുപ്പമുള്ളവർ എന്നിവരിൽ നിന്നെല്ലാം വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോഗത്തിന്റെ ഫലമാണോ എന്നത് അടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്ത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നും പൊലീസ് പറയുന്നു. അതേസമയം, പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഇവർ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് ബഹളം വച്ചതിന് കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രൈവറായ വിവേകിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വിവേകും ഇതിനിടെ ആശുപത്രിയിലെത്തിയ സഹോദരൻ വിഷ്ണുവും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു.
കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങിയ 5 അംഗ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരും, കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന സമ്പൂര്‍ണ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ടാസ്ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വഴി സാധിക്കും. ബ്രഹ്മപുരത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നിലവില്‍ മറ്റ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഈ അഞ്ചുപേരെ നിയമിച്ചത്. എറണാകുളം ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്ററായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായിരുന്ന കെ.കെ. മനോജിനെയും നിയമിച്ചിരുന്നു.
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴയ്ക്ക്
സാധ്യതയെന്നും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നുമാണ് കാലാവസ്ഥ റിപ്പോർട്ട്. മേയ് 4 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്രകാരമാണ് അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മധുരപാനീയങ്ങളുടെ ദിവസേനയുള്ള ഉപയോഗം പ്രമേഹരോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ രോഗികള്‍ ഉപയോഗിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ടിൽ ശുപാര്‍ശ ചെയ്യുന്നു. 12,000 ലധികം പേരെ പങ്കെടുപ്പിച്ച് 18.5 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ കുടിച്ചവര്‍ക്ക് പ്രമേഹം മാത്രമല്ല ഹൃദ്രോഗവും വരാനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തി. അതേ സമയം, മധുരമില്ലാത്ത ചായ, കാപ്പി, സാധാരണ വെള്ളം എന്നിവ ഉപയോഗിച്ചവര്‍ക്ക് ഏതെങ്കിലും കാരണം മൂലമുള്ള അകാല മരണ സാധ്യത 18 ശതമാനവും ഹൃദ്രോഗം മൂലമുള്ള അകാല മരണ സാധ്യത 24 ശതമാനവും കുറവാണെന്നും ഗവേഷകർ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി doctorlive tv സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post