നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ ‘യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടന നേതാവ് ജാസ്മിൻ ഷാ ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ സംഘടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും ചെലവാക്കിയെന്നാണ് കണ്ടെത്തൽ. യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലാണ് ഫ്ലാറ്റും കാറും വാങ്ങിയത്. സംഘടനയുടെ ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഓഫീസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. കോടികളുടെ ആരോപണം ഉയർന്നതോടെ വിദേശത്തേക്ക് മുങ്ങിയ പ്രതികള്‍ നേപ്പാള്‍ വഴിയാണ് നാട്ടിലത്തിയത്. പല ഘട്ടത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതോടെ കോടതിയുടെ ഇടപെടലുണ്ടായി. കേസെടുത്ത് അഞ്ചു വർഷത്തിനുശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും മാനസികാഘാതത്തില്‍ നിന്നും മുക്തമാകാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. താനൂരില്‍ ബോട്ടപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രിയുടെ നേതൃത്വത്തില്‍ താനൂരില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക യോഗം ചേര്‍ന്നു. ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു വരുന്നതായും ചെളിയുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും എക്സൈസ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സിനിമയിൽ നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്ന് മൂന്നരവർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ നിർമാതാവ് വെളിപ്പെടുത്തിയിട്ടും അന്വേഷണം നടന്നിട്ടില്ല എന്നും ആരോപണമുണ്ട്. രണ്ടാഴ്ച മുമ്പ് മറ്റൊരു നിർമാതാവും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രത്തിന്‍റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി ആരോപണം. സമൂഹ മാധ്യമങ്ങളിലൂടെ പരീക്ഷാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രെസ് കോഡ് പാലിക്കാനായി ദേഹ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .വനിതാ പരീക്ഷാര്‍ത്ഥികളോട് ഇത്തരം രൂക്ഷമായ ദേഹപരിശോധനാ നയം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദമാക്കി. 2022ലെ നീറ്റ് പ്രവേശന പരീക്ഷാ സമയത്ത് കൊല്ലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് വന്‍ വിവാദമായിരുന്നു.
കേരളത്തിൽ നഴ്‌സിങ്, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് മതിയായ സീറ്റ് ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ അഭയംതേടുന്നത് പ്രതിവർഷം 1.5 ലക്ഷം കുട്ടികൾ എന്ന് റിപ്പോട്ടുകൾ. മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവർ പഠനശേഷം അവിടെ ജോലി നേടുകയും തുടർന്ന് വിദേശത്തേക്കു പറക്കുകയുമാണ് പതിവ്. കേരളത്തിലെ ഇത്തരത്തിലുള്ള പ്രതികൂലാവസ്ഥ മുതലെടുക്കാൻ അതിർത്തി പ്രദേശങ്ങളിൽ നിരവധി പാരാമെഡിക്കൽ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. എഡ്യൂക്കേഷണൽ ഹബ്ബായി മാറിക്കഴിഞ്ഞ അയൽ സംസ്ഥാനങ്ങളിലേക്ക് ബി.എസ് സി നഴ്സിംഗിനായി മാത്രം 75,000 മുതൽ 95,000 കുട്ടികൾ വരെയാണ് പോകുന്നത്. ബി.എസ്‌സി ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, മെഡിക്കൽ ലാബ് ടെക്നോളജി,ഒപ്‌റ്റോമെട്രി തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്കായി 55,000 പേർവരെ
മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. പണംമുടക്കി പഠിക്കാൻ ധാരാളംപേർ തയ്യാറാണെങ്കിലും അതിന് ആനുപാതികമായ സീറ്റ് കേരളത്തിലെ സ്വകാര്യമേഖലയിലുമില്ല എന്ന ആരോപണവും ഉണ്ട്.
ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. കാറ്റ് തുടക്കത്തിൽ ദിശമാറി ബഗ്ലാദേശ് – മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും, ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആന്റമാൻ സമുദ്രത്തിനും സമീപത്തായി തിങ്കളാഴ്ച്ച രൂപപ്പെട്ട ന്യൂനമർദ്ദം, തീവ്രന്യൂനമർദവും ചുഴലിക്കാറ്റുമായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തെ ആയുർവേദത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിൽ പൊതു സമ്മേളനം ഓൺലൈനായിട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 44ാമത് സംസ്ഥാന സമ്മേളനമാണ് കാസർകോട് കളനാട് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നത്.
ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5,805 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് രൂപം നൽകിയ പദ്ധതിയാണ് ഹൃദ്യം പദ്ധതി. ഈ വർഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയയാണ് നടത്തിയത്. കുട്ടികളിലെ ഹൃദ്രോഗത്തിന് അതിവേഗം വിദഗ്ധ ചികിത്സ നൽകുവാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളേയും പരിശോധനയ്ക് വിധേയമാക്കും. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ, ECHO ഉൾപ്പെടെയുളള പരിശോധന വഴി രോഗ നിർണയം നടത്തും. രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുകയും ചെയ്യും. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് പദ്ധതി. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്.
ഹൃദ്രോഗ നിയന്ത്രണം, പ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ദ്വിദിന ശാസ്ത്രസമ്മേളനം കുമരകത്ത് നടന്നു. സി.എസ്.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് കാത്തീറ്റര്‍ വഴിയുള്ള ചികിത്സകള്‍ എന്നും ഡോ.പ്രഭാ നിനി ഗുപ്ത പറഞ്ഞു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post