നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
അപൂർവമായ കറുത്ത നിറമുള്ള കടുവയുടെ ജഡം ഒഡിഷയിലെ സിമിലിപാൽ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതായി ഒഡീഷ വനംവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നരവർഷം പ്രായമുള്ള ആൺകടുവയുടെ കൃത്യമായ മരണകാരണം വ്യക്തമല്ല. മറ്റൊരു വന്യജീവിയുമായുള്ള പോരാട്ടത്തിലാകാം കടുവ കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം പിന്നീട് അഭിനയ രംഗത്തും സജീവമായി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ദേയനായി. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. സംസ്കാരം പിന്നീട് നടക്കും.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും, ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും പരാതി. നഴ്സുമാരാണ് പ്രസവം എടുത്തതെന്ന
ആരോപണമുണ്ട്. മാർച്ച് 27 നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെച്ച് നെയ്യാറ്റിൻകര സ്വദേശി കാവ്യയുടെ പ്രസവം നടന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് പറഞ്ഞത്. തുടർന്ന് ജനറൽ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കുഞ്ഞിന്റെ കൈയെല്ല് പൊട്ടിയതായി കണ്ടെത്തിയത്. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്ന കണ്ടെത്തലിൽ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി.
ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ അഗ്നിബാധ അണയ്ക്കാനും അനുബന്ധ കാര്യങ്ങൾക്കുമായി ഒരുകോടി പതിനാലു ലക്ഷം രൂപ ചെലവായതായി ജില്ലാ ഭരണകൂടം. കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളുടെയും, ഫ്ലോട്ടിങ് മെഷീനുകളുടെയും, മോട്ടർ പമ്പ് സെറ്റുകളുടെയും ഇന്ധന ചെലവും ഇവയുടെ ഓപ്പറേറ്റർമാർക്കുള്ള കൂലിയും കൊച്ചി കോർപറേഷനാണ് പണം ചെലവഴിച്ചത്. പ്ലാന്റിന്റെ പരിസരത്ത് രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, ഭക്ഷണം, വെളിച്ചം തുടങ്ങിയവയുടെ ചെലവും കോർപറേഷനാണ് വഹിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കും സിവിൽ വൊളന്റിയേഴ്സിനുമായി കാക്കനാട്ട് നടത്തിയ മെഡിക്കൽ ക്യാംപിന് വേണ്ടി 11 ലക്ഷം രൂപ ജില്ലാ കുടുംബാരോഗ്യ വെൽഫെയർ സൊസൈറ്റി ചെലവഴിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ 13 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്കും കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കൈവശം പണമില്ലാത്തതിനാൽ തുക ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.
കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെ ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് പോവുകയായിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കനത്ത മഴയത്ത് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരമറിഞ്ഞ് അപകട സ്ഥലത്തേയ്ക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴക്ക് സാധ്യതയുള്ളതായും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം ഉണ്ട്. ഒറ്റപെട്ടയിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 5409 സബ് സെന്ററുകളില്‍ ഇ സഞ്ജീവനി സംവിധാനമൊരുക്കുന്നതിന് 37.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ രാത്രിയില്‍ ആവശ്യമുള്ളത്രയും ഉറക്കം നേടിയില്ലെങ്കില്‍ അത് അവരില്‍ പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധർ. സ്ത്രീകൾക്ക് പുരുക്ഷന്മാരെക്കാൾ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം നിർബന്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ അതു പലവിധത്തിലുള്ള ആരോഗ്യപ്രശനങ്ങൾക്ക് കാരണമായേക്കാം. ആഴത്തിലുള്ള ഉറക്കത്തില്‍ സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളാണ് ഉണരുമ്പോൾ ഇവരെ സജീവമാക്കുന്നതും ഉന്മേഷവതികളാക്കുന്നതും. എന്നാല്‍ രാത്രിയിലെ ഉറക്കം പതിവായി പ്രശ്നത്തിലാവുകയാണെങ്കില്‍ അത് ആര്‍ത്തവ ക്രമക്കേട് മുതല്‍ വന്ധ്യതയിലേക്ക് വരെ നയിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രമേഹം, ബിപി, ഹൃദ്രോഗങ്ങള്‍ എന്നിവയാണ് പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍. എന്നാൽ സ്ത്രീകളിൽ ഇവക്ക് പുറമെ വിഷാദം- ഓര്‍മ്മക്കുറവ്, മുൻകോപം പോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ഉറക്കമില്ലായ്മ, ആഴത്തില്‍ ഉറങ്ങാൻ സാധിക്കാതിരിക്കുക, ഉറക്കം മുറിഞ്ഞുപോവുക, ഉറക്കത്തില്‍ ഞെട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നതും സ്ത്രീകളാണെന്ന് വിദഗ്ധർ പറഞ്ഞു.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി പഠനം. കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തിയ 121 പേരിൽ അടുത്തിടെ നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ദേശിയ മാധ്യമത്തിലാണ് റിപ്പോർട്ട് ചെയ്തത്. കുർക്കുമിൻ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉണ്ടാക്കുന്ന ബീറ്റാ സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കുർക്കുമിൻ സഹായിക്കുന്നതായും ഗവേഷകർ പറയുന്നു. ദിവസവും അൽപം മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങൾ തടയുന്നതിന് സഹായകമാണ്. കുർക്കുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിന്റെ നാല് മുതൽ 10 ശതമാനം വരെയാണ്. ഇത് ശരീരത്തെ ഡീജനറേറ്റീവ് രോഗങ്ങൾ, മെറ്റബോളിക് സിൻഡ്രോം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും സി റിയാക്ടീവ് പ്രോട്ടീൻ പോലുള്ള കോശജ്വലന മാർക്കറുകൾ നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post