ഗര്‍ഭകാലം എന്നത് സ്ത്രീയുടെ ശരീരത്തില്‍ വലിയരീതിയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന ഒരു പ്രത്യേക ഘട്ടമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും പ്രസവത്തിനും സഹായിക്കുന്നതിനായി എസ്ട്രജന്‍ (Estrogen), പ്രോജസ്റ്ററോണ്‍ (Progesterone) എന്നീ ഹോര്‍മോണുകളുടെ അളവ് മാതാവിന്റെ ശരീരത്തില്‍ വളരെയധികം ഉയരുന്നു. എന്നാല്‍, ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ സ്വാധീനിക്കുന്നതുപോലെ വായിലും ദന്താരോഗ്യത്തിലും നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നു.
ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഗര്‍ഭകാലത്ത് എസ്ട്രജനും പ്രോജസ്റ്ററോണും മാതാവിന്റെ ശരീരത്തില്‍ സാധാരണയിലധികം ഉയരുമ്പോള്‍, ശരീരത്തിലെ രക്തപ്രവാഹം വര്‍ധിക്കുകയും, പ്രതിരോധ വ്യവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതോടെ വായിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയില്‍ വലിയ മാറ്റം സംഭവിക്കുകയും പല്ലുതേയ്ക്കുന്ന സമയത്ത് രക്തസ്രാവം, വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ വായില്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന ദന്തപ്രശ്‌നങ്ങള്‍
- ഗര്‍ഭകാല ജിംജിവൈറ്റിസ് (Pregnancy Gingivitis)
ലക്ഷണങ്ങള്‍: പല്ലിന് ചുറ്റുമുള്ള മോണ ചുവന്നും, വീര്‍ത്തും, എളുപ്പത്തില്‍ രക്തസ്രാവം സംഭവിക്കുന്നതായും കാണപ്പെടുന്നു.
കാരണം: പ്രോജസ്റ്ററോണ്‍ വര്‍ധനയാല്‍ മോണയിലെ രക്തപ്രവാഹം വര്‍ധിക്കുന്നു. ദിവസേന ശരിയായി ബ്രഷ് ചെയ്യുക, ഫ്‌ലോസ് ചെയ്യുക, ഡെന്റിസ്റ്റിന്റെ സഹായത്താല്‍ നിരന്തരം പരിശോധനകള്‍ നടത്തുക എന്നിവയാണ് ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍.
2. മോണ രോഗം (Periodontal Disease)
ശരിയായ ചികിത്സ തേടാതിരുന്നാല്‍ പല്ലിന്റെ അടിഭാഗത്തെ അസ്ഥിയെ ബാധിക്കുന്ന രോഗമാണ് മോണ രോഗം. ഗവേഷണങ്ങള്‍ പ്രകാരം ഈ രോഗം മൂലം ഗര്‍ഭസ്ഥ ശിശുക്കളുടെ മാസം തികയാത്ത ജനനം (Preterm Birth), നവജാത ശിശുക്കളുടെ ജനനഭാരം കുറയല്‍ (Low Birth Weight) എന്നിവയ്ക്ക് കാരണമാകാം.
3. മോണയിലെ ചെറു തടിപ്പുകള്‍ (Pregnancy Tumor / Pyogenic Granuloma)
ഗര്‍ഭിണികളില്‍ സാധാരണയായി രണ്ടാമത്തെ ത്രൈമാസത്തില്‍ (Second Trimester) മോണയില്‍ ചെറിയ ചുവന്ന തടിപ്പുകള്‍ രൂപപ്പെടുന്നതായി കാണപ്പെടുന്ന അവസ്ഥയാണിത്. ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യതിയാനവും പല്ലുകളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതുമാണ് ഈ അവസ്ഥയിലേയ്ക്ക് നയിക്കാന്‍ കാരണം.
സാധാരണ ഗതിയില്‍ പ്രസവാനന്തരം ഈ അവസ്ഥ സ്വയം അപ്രത്യക്ഷമാകുന്നതായി കണ്ടുവരുന്നു. എന്നാല്‍ പ്രസവശേഷവും ഈ തടിപ്പുകള്‍ അപ്രത്യക്ഷമാകാതെ തുടര്‍ന്നാല്‍, ആരോഗ്യത്തിന് വെല്ലുവിളിയാകും മുമ്പ് അവയെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്.
4. പല്ലുകളിലെ എനാമല്‍ നാശം
ഗര്‍ഭിണികളില്‍ സാധാരണയായി രാവിലെകളില്‍ കണ്ടുവരുന്ന ഛര്‍ദ്ദി (Morning sickness) മൂലം വായില്‍ ആസിഡ് രൂപപ്പെടുന്നതിനും, ഇവ വര്‍ധിച്ച് പല്ലിന്റെ പുറംതോടായ എനാമല്‍ അഴുകുന്നതിനും ഇടയാകുന്നു. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി, ഛര്‍ദ്ദിയ്ക്ക് ശേഷം ഉടന്‍ ബ്രഷ് ചെയ്യാതെ ആദ്യം വെള്ളം അല്ലെങ്കില്‍ ചെറിയ അളവില്‍ ബേക്കിംഗ് സോഡ ചേര്‍ന്ന വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് വായിലെ ആസിഡിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ഗര്‍ഭകാല ദന്ത സംരക്ഷണ മാര്‍ഗങ്ങള്‍
- ദന്ത പരിശോധന: ഗര്‍ഭകാലത്ത് ദന്ത പരിശോധന ഉറപ്പുവരുത്തുക. ദന്ത പരിശോധനയ്ക്കായി രണ്ടാമത്തെ ത്രൈമാസം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം.
- ശുചിത്വം: ഫ്‌ലോറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിച്ച് ദിവസം രണ്ടുതവണ ബ്രഷ് ചെയ്യുക, ഫ്‌ലോസ് ചെയ്യുക.
- ആഹാരം: കാല്‍ഷ്യം, വിറ്റാമിന്‍ ഡി, ഫോസ്ഫറസ് തുടങ്ങിയവയുള്ള സമതുലിതാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
- ജലപാനം: ആവശ്യത്തിന് വെള്ളം കുടിക്കുക. വായ വരണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുക.
- വായിലെ ആസിഡ് നിയന്ത്രണം: ഛര്‍ദ്ദിക്കുശേഷം വായ കഴുകുന്നത് പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.
സ്ത്രീകളില്‍ ഗര്‍ഭകാലത്ത് സംഭവിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മാതാവിന്റെ വായ്ക്കും പല്ലിനും പ്രതികൂല സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. മോണ രോഗം, പെരിയോഡോണ്ടല്‍ രോഗം, എനാമല്‍ അഴുകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാം. അതിനാല്‍ ഗര്‍ഭിണികള്‍ എല്ലായിപ്പോഴും വായുടെ ശുചിത്വം പാലിക്കുക, കൃത്യമായ ഇടവേളകളിലെ ദന്ത പരിശോധന ശീലമാക്കുക. ഇവയ്ക്ക് പുറമെ, സന്തുലിതാഹാരവും ജലപാനവും ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്. ഈ ആരോഗ്യ ശീലങ്ങള്‍ പിന്തുടരുന്നത്, ഒരേസമയം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്.
— Dr. Amitha Ray































Discussion about this post