സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർക്കാർ ആശുപത്രികളിൽ കുറഞ്ഞതായി റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കർശന നടപടിയുമായി മുന്നോട്ടു പോയതിനെ തുടർന്നാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവർഷം തീരാറായിട്ടും സർക്കാർ ആശുപത്രിഫാർമസികളിൽ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്. മുൻപ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകൾ തീരുകയും പിന്നീട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് ഇവ എത്തിക്കുകയായിരുന്നു. സംസ്ഥാനമൊട്ടാകെ ആന്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതാണു കാരണം. കുറിപ്പടിയില്ലാതെ മരുന്നുനൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരേ കർശന നടപടിയെടുത്തതും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗംമൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അതിനെ കണ്ടതോടെയാണ് സംസ്ഥാനവും കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പരിപാടിയും ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ ആന്റിബയോട്ടിക് ദുരുപയോഗം തടയുക എന്നതാണ് അടുത്തലക്ഷ്യം. ബോധവത്കരണത്തിലൂടെയും മാർഗനിർദേശങ്ങൾ കർശനമാക്കിയും അവരെയും ഇതിന്റെ ഭാഗമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Discussion about this post