സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉൽപന്നങ്ങൾ മതിയായ ലൈസൻസുള്ള കമ്പനികൾ നിർമിച്ചതാണോഎന്ന് പരിശോധിക്കണം . നിർമാതാവിൻറെ മേൽവിലാസം വ്യക്തമായി ഉൽപന്നത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണമെന്ന് മന്ത്രി മന്ത്രി പോസ്റ്റിൽ പറയുന്നു. ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കൾ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 2023 മുതൽ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷൻ സൗന്ദര്യ നടപ്പിലാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ലാബ് പരിശോധനകളിൽ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകിയിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post