135 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട്. സംസ്ഥാന, കേന്ദ്ര ലബോറട്ടറികളിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളിൽ മൂന്നു പൊതുമേഖല കമ്പനികളും പ്രമുഖ സ്വകാര്യ കമ്പനികളും ഉൾപ്പെടും. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്റ്റ്യൂട്ടിക്കൽസ്, കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്റ്റ്യൂട്ടിക്കൽസ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖല കമ്പനികളുടെ മരുന്നുകളാണ് എൻ.എസ്.ക്യു പട്ടികയിലുള്ളത്. സ്വകര്യ മരുന്ന് നിർമാതാക്കളായ മക്ലിയോഡ്സ് ഫാർമയുടെ തൈറോയ്‌ഡ് മരുന്നായ തൈറോക്സ് 25, ടൈപ്പ് 2 പ്രേമേഹത്തിന് ഉപയോഗിക്കുന്ന സിപ്ലയുടെ ഒകാമെറ്റ് ഗുളികകൾ, കാഡിലയുടെ ആന്റ്റി ബാക്ടീരിയൽ മരുന്നായ സിപ്രോഡാക് 500 ഗുളികകൾ തുടങ്ങിയവ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചു. കഫ് സിറപ്പുകൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഉപയോഗിക്കുന്ന ഫിക്സഡ് -ഡോസ് കോമ്പിനേഷനുകളുടെ (എഫ്.ഡി.സി ) ബാച്ചുകളും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്തായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചില കോമ്പിനേഷൻ മരുന്നുകളിൽ ഹൃദയാഘാതം തടയാൻ ഉപയോഗിക്കുന്ന റോസുവാസ്റ്റാറ്റിൻ, ആസ്‌പിരിൻ, ക്ലോപ്പിഡോഗ്രൽ തുടങ്ങിയവയുടെ എഫ്.ഡി.സി കാപ്സ്യുളുകൾ ഉൾപ്പെടുന്നു.
Discussion about this post