ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 25 വയസുള്ള ആദിവാസി യുവാവിനെ രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്ക്ലേവിയന്‍ ആര്‍ട്ടറി കണ്ടെത്തുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ് എന്നിരിക്കെ, രക്തം വാര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അത് കൂടുതല്‍ ശ്രമകരമായി മാറി. ഈ ധമനിയോട് ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയല്‍ പ്ലക്സസിന് ക്ഷതം ഏല്‍പിക്കാതെ ആ ധമനി കണ്ടെത്തി തുന്നിച്ചേര്‍ക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് ചെറുതായെങ്കിലും പരാജയപ്പെട്ടാല്‍ രക്തം വാര്‍ന്ന് നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കാം, അല്ലെങ്കില്‍ ഇടതുകൈയ്യുടെ ചലനം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ആദിവാസി യുവാവിനെ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാരുടെ സംഘം അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിച്ചെടുത്തത്. രണ്ട് സര്‍ജറി യൂണിറ്റുകളുടെ മേധാവിമാരായ ഡോ. രവീന്ദ്രന്‍ സി, ഡോ. ഹരിദാസ്, സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. പ്രവീണ്‍, അനസ്തേഷ്യ പ്രൊഫസര്‍ ഡോ. സുനില്‍ എം എന്നിവരുടെ നേതൃത്വത്തില്‍, ഡോ. പാര്‍വതി, ഡോ. നാജി, ഡോ. അഞ്ജലി, ഡോ. സിജു, ഡോ. അഞ്ജന തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘവും, നഴ്സിംഗ് ഓഫീസര്‍മാരായ അനു, ബിന്‍സി എന്നിവരുടെ സംഘവുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അഭിനന്ദിച്ചു.
Discussion about this post