ആമാശയം പൊട്ടി ഗുരുതരാവസ്ഥയിലായ 12കാരി ബാഡ്മിന്റൺ താരത്തിനു thrissur ഗവ.മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണ ശസ്ത്രക്രിയ പൂർത്തിയായി. പാലക്കാട് സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയെയാണ് മെഡിക്കല്‍ കോളേജ് ശിശു ശസ്ത്രക്രിയാവിഭാഗത്തിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്. സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു. പൂര്‍ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്. ജന്മനാ കേള്‍വിക്കുറവുള്ള ബാലിക, രണ്ട് ആഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയർ വീര്‍ത്തത് പോലെയും അനുഭവപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയില്‍ കുട്ടിയുടെ ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറില്‍ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കി. ആമാശയത്തിന്റെ ദ്വാരം അടക്കുകയും പിന്നീട് ഉണ്ടാകാതിരിക്കാന്‍ പ്രതിവിധികളും ചെയ്തു. നാലുമണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്ട്രേഷന്‍ എന്ന വളരെ അപൂര്‍വമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ ഈ അസ്ഥക്ക് കാരണം. ബാഡ്മിന്റണ്‍ കളിക്കിടെ വയറിനകത്തെ മര്‍ദം കൂടുകയും ആമാശയം ഡയഫ്രത്തിലെ കനംകുറഞ്ഞ ഭാഗത്തകൂടി നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയുംചെയ്തു. തുടര്‍ന്ന് ആമാശയത്തില്‍ ഗ്യാസ് നിറഞ്ഞ് പൊട്ടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജന്മനാ ഈ അപാകമുണ്ടായിരുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നും കുട്ടിക്കുണ്ടായിരുന്നില്ല.
Discussion about this post