സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 3 എണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 എണ്ണം കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്. ഇന്നലെ ഏഴാമത്തെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
Discussion about this post