കേരള പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആദരണീയനായ സാനു മാഷിനാണ് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത്. ആരോഗ്യ മേഖലയിൽ നിന്ന് 2 പേർക്ക് അഭിമാനകരമായ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇത്തവണ ലഭിക്കുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് സർജനുമായ ഡോ. ജയകുമാറിനും ആശാ വർക്കർ ശ്രീമതി ഷൈജ ബേബിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. പ്രാഗത്ഭ്യം നിറഞ്ഞതും സമർപ്പിതവുമായ സേവനത്തിനാണ് ഡോ. ജയകുമാറിന് പുരസ്‌കാരം ലഭിക്കുന്നത്. രാജ്യത്ത് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടറാണ്. ഇതുവരെ 10 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. സാമൂഹ്യ സേവന വിഭാഗത്തിലാണ് വയനാട്ടിൽ നിന്നുള്ള ഷൈജ ബേബിയെ തെരഞ്ഞെടുത്തത്. വയനാട് ദുരന്ത സമയത്ത് മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ചാണ് ഷൈജ ബേബിയെ ആദ്യമായി കാണുന്നത്. ഇരുവരേയും ഫോണിൽ വിളിച്ച് സന്തോഷമറിയിച്ചതായി മന്ത്രി തന്റെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി. ഡോ. ജയകുമാറിനും ഷൈജ ബേബിക്കും മന്ത്രി പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
Discussion about this post