കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി . ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതു കൊണ്ടാണ് മുൻഗണന കിട്ടാതെ പോയതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-24ലെ അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഫീൽഡ്തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകൾക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങൾ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ ബഹു. കേന്ദ്ര മന്ത്രി നിർദേശം നൽകി. ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പരിഗണനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടത്തി. നിലവിൽ 23 ലക്ഷത്തോളം ആളുകൾ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം വരും. അക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി . ജെപി നദ്ദ പറഞ്ഞു. ആശമാരുടെ വേതന വർധനവ് സംബന്ധിച്ച ആവശ്യവും ഉന്നയിച്ചു. അത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നാണ് അദ്ദേഹം അറിയിച്ചതായി വീണ ജോർജ് വ്യക്തമാക്കി.
Discussion about this post