കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് പഠനം. സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പഠനത്തിൽ വ്യക്തമാകുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. ഈ വിഭാഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ വിശദമായി പരിശോധിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര ശുചിത്വം പോലുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഗവേഷകർ പഠനത്തിൽ നിർദേശം നൽകുന്നു. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Discussion about this post