ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനത്തിലുള്ളത്. ചികിത്സിക്കപ്പെടാതെ പോയാൽ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ലാവൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. കാനഡയിൽ നിന്നുള്ള 6,000 വൈറ്റ്കോളർ ജോലിക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് കൂടിയതോതിൽ സമ്മർദം അനുഭവിക്കുന്നവരിൽ ഏട്രിയൽ ഫൈബ്രിലേഷനുള്ള സാധ്യത 97 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്. തൊഴിലിടത്തിൽ ജോലിഭാരം കൂടുക, തൊഴിലിടത്തിലെ തീരുമാനങ്ങൾ നിയന്ത്രണാതീതമാകുക, ജോലിക്കനുസരിച്ചുള്ള ശമ്പളമോ സംതൃപ്തിയോ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ സമ്മർദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പതിനെട്ടുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. തൊഴിലിടത്തിൽ ജോലിഭാരം കുറയ്ക്കുക, സൗഹാർദപരമായ അന്തരീക്ഷം ഒരുക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ സമാധാനപൂർണമായ അന്തരീക്ഷം ഒരുക്കുന്നത് ഈ സാഹചര്യത്തെ മറികടക്കാൻ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.
Discussion about this post