ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവർ നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് യുവാക്കൾ ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുകയായിരുന്നു.
Discussion about this post