വിദേശരാജ്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്നിനു ഇന്ത്യയിൽ അനുമതി. മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്‌ധ സമിതിയാണ് അനുമതി നൽകുക. എലി ലില്ലി നിർമ്മിക്കുന്ന ഈ മരുന്ന് മൗഞ്ചാരോ, സെപ്‌ബൗണ്ട് എന്നീ പേരുകളിലാണ് അമേരിക്കയിൽ വിപണനം നടത്തുന്നത്. വിദഗ്‌ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അന്തിമ അനുമതി നൽകും. കുത്തിവയ്‌പ്പിലൂടെ എടുക്കുന്ന ഈ മരുന്ന് ശരീരഭാരം 18 ശതമാനം വരെ കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്‌ബൗണ്ട് ഭാരം കുറയ്‌ക്കലിനും ഉദ്ദേശിച്ചുള്ളതാണ്. 2.5 മില്ലിഗ്രാം മുതൽ 12.5 മില്ലിഗ്രാം വരെയുള്ള ആറ് വ്യത്യസ്‌ത ഡോസുകൾ അടങ്ങിയ കുത്തിവയ്‌പ്പ് രൂപത്തിലുള്ള മരുന്നുകൾക്ക് രണ്ട് ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിദഗ്‌ധ സമിതി അംഗീകാരം നൽകിയത്. ഇന്ത്യയിലെ ഈ മരുന്നുകളുടെ വില അറിവായിട്ടില്ലെങ്കിലും പ്രതിമാസം 15,000 രൂപയെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post