ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് രോഗം തീവ്രമാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തിൽ തന്നെ കണക്കാക്കപ്പെടുന്നതെന്നും ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാമെന്നും മന്ത്രി വ്യക്തമാക്കി. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതിൽ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാൽ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു.
Discussion about this post