സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ ഇടയിൽ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. ഒഹിയോ സറ്റേറ്റ് സർവകലാശാലയിലെ സോഷ്യോളജി പ്രഫസർ ഡഗ് ഡൗണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നിൽ. കുട്ടികളുടെ എണ്ണം കൂടും തോറും ഓരോ കുട്ടിക്കും ലഭിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കുറയുമെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെയും ചൈനയിലെയും സെക്കൻഡറി സ്‌കൂൾ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ചൈനയിൽ സഹോദരങ്ങളില്ലാത്ത കുട്ടികളിൽ ഏറ്റവും മികച്ച മാനസികാരോഗ്യവും അമേരിക്കയിൽ സഹോദരങ്ങളില്ലാത്ത കുട്ടികളിലും ഒരേയൊരു സഹോദരനോ സഹോദരിയോ ഉള്ള കുട്ടികളിലും സമാനമായ മാനസികാരോഗ്യവും പ്രകടമായി. ഒരു വയസ്സിന്റെ ഇടവേളകളിൽ സഹോദരങ്ങളുള്ള കുട്ടികളിലും മൂത്ത സഹോദരങ്ങളുള്ള കൗമാരക്കാരിലുമാണ് ഏറ്റവും മോശം മാനസികാരോഗ്യം പ്രകടമായതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. അംഗങ്ങൾ അധികമുള്ള വലിയ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കു ചെറിയ കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികാരോഗ്യം അൽപം കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളും കുട്ടികളുടെ മാനസിക നിലയെ സ്വാധീനിക്കുന്നവയാണെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു. ജേണൽ ഓഫ് ഫാമിലി ഇഷ്യൂസിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
Discussion about this post