ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നു കടകളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. നിർദേശങ്ങൾ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ 15 മരുന്നുകടകൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. ഡ്രഗ്‌സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡാണ് ഈ രഹസ്യ ഓപ്പറേഷൻ നടത്തുന്നത്. ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാത്തവിധമാണ് മരുന്നുകടകളെ നിരീക്ഷിക്കുന്നത്. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കണം. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശമുണ്ട്. ഓപ്പറേഷൻ അമൃതിന്റെ ഭാഗമായി, തുടർന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post