ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം കുട്ടികളില്‍ പടരുന്ന ശ്വാസകോശ രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും WHO ആവശ്യപ്പെട്ടു. മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന പ്രോമെഡ് (ProMed) എന്ന പ്ലാറ്റ്‌ഫോമും ചൈനയിലെ കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും പ്രോമെഡ് പറയുന്നു.
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 30 വയസിന് മുകളില്‍ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗാണ് പൂര്‍ത്തിയായത്. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചിരുന്നു. സ്‌ക്രീനിംഗില്‍ മാത്രമൊതുങ്ങാതെ രോഗം സംശയിക്കുന്നവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 23, 24 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ മഴമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്ത് ജില്ലയിലെ സ്ഥിതി വിലയിരുത്തിയാതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ മന്ത്രിയെ അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ കൃഷി നാശം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിനോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post