ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ നിന്ന് 15 സെന്റിമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ 39 കാരി കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെയാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. വിശദമായ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.മാലിനമായ ജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് മൂലം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം തുടങ്ങി ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴയും ഇടിയോ മിന്നലോ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിപ പ്രതിരോധ യജ്ഞത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും ആരോഗ്യ മന്ത്രിയുള്‍പ്പെട്ട മന്ത്രിതലസംഘത്തിനും പ്രാദേശിക കൂട്ടായ്മകള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ പോലൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളമാകെ ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ ഈ സന്നദ്ധത നമുക്ക് ശക്തി പകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒന്‍പത് വയസ്സുകാരന്‍ അടക്കം നാലുപേരുടെയും കഴിഞ്ഞ ദിവസത്തെ പരിശോധനാഫലങ്ങള്‍ ഡബിള്‍ നെഗറ്റീവ് ആയിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടി.
പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നതെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രോഗബാധിതരാകുന്നവരില്‍ 70% മുതല്‍ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാല്‍ ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടുപേരെയാണ് നമുക്ക് നഷ്ടമായത്, രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞതായിരിക്കാം മരണനിരക്ക് കുറഞ്ഞതിന് കാരണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണയുണ്ടായ നിപ ബാധയുടെ മറ്റൊരു സവിശേഷത ആദ്യ രോഗിയില്‍ നിന്നല്ലാതെ മറ്റൊരാളിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായില്ല എന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. അമേരിക്ക ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ള ശരാശരി 72 വയസ്സായിരുന്നവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ 60 ശതമാനം പേരും സ്ത്രീകളുമായിരുന്നു. തുടര്‍ച്ചയായ നാലു വര്‍ഷക്കാലത്തേക്കാണിവരെ ഇവരെ പഠനവിധേയമാക്കിയത്.
സംതൃപ്തികരമായ ലൈംഗിക ബന്ധം പ്രായമായവരിലെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ജേണല്‍ ഫോര്‍ സെക്സ് റിസര്‍ച്ചിന്റെ 2023 ജൂലൈ ലക്കത്തിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിചത്തിട്ടുള്ളത്. 1683 പേരിലാണ് ഗവേഷണ പഠനം നടത്തിയത്. 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട ഓര്‍മ്മശക്തി ഉണ്ടായിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post