സംസ്ഥാനത്തിന് ഇത് അഭിമാന നിമിഷം. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സങ്കീര്‍ണ ശസ്ത്രക്രിയ രോഗിക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. രോഗി വേഗംതന്നെ സുഖം പ്രാപിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
അമേരിക്കയിലെ ടെന്നീസില്‍ ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ റേച്ചല്‍, ഫിലിപ്പ് ദമ്പതികളാണ് 1992 ഏപ്രിലില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ വെറും മൂന്ന് വയസുമാത്രമാണ് ഇവരുടെ അമ്മയ്ക്കുള്ളത്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറക്കുന്നവരെന്ന അപൂര്‍വ നേട്ടമാണ് തിമോത്തി, ലിഡിയ എന്നീ ഇരട്ട സഹോദരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. 27 വര്‍ഷം ശീതീകരിച്ച നിലയില്‍ സൂക്ഷിച്ചതിന് ശേഷം 2020 ഒക്ടോബറില്‍ പിറന്ന മോളിയെന്ന കുഞ്ഞിന്റെ റെക്കോര്‍ഡാണ് തിമോത്തിയും ലിഡിയയും മറികടന്നത്.
ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഈ മരുന്നുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാന്‍സര്‍ രോഗത്തിനുള്ള അഡ്‌സെട്രിസ് ഇഞ്ചക്ഷന്‍ എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും പരിശോധിക്കാനാണ് നിര്‍ദേശം. ഇത്തരം വ്യാജ മരുന്നുകളുടെ വിതരണവും വില്‍പനയും എപ്പോഴും നിരീക്ഷിക്കണമെന്നും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ രംഗത്ത് കേരളം വളരെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഏറെ വെല്ലുവിളിയാണെന്നും അതിനുള്ള ചെറുത്ത് നില്‍പ്പാണ് ചെറു ധാന്യങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എഫ്.എസ്.എസ്.എ.ഐ. ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുധാന്യങ്ങള്‍ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്സായി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി എം.എസ്.ഡബ്ല്യു. അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതോടൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉന്നല്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post