തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചത് ചികില്‍സാ പിഴവുകൊണ്ടെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അശ്വതിയെ കുഞ്ഞിന് വളര്‍ച്ചക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുമെന്നും പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന വ്യക്തമാക്കിയിരുന്നു.
കേരളം മുഴുവന്‍ ലഹരി വ്യാപിക്കുകയാണെന്നും ജനങ്ങളില്‍ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നുമുള്ള പ്രതിപക്ഷ പരാമര്‍ശത്തിനെതിര െമന്ത്രി എം ബി രാജേഷ്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിലെ മദ്യ ഉപഭോഗം 12.4 ശതമാനമാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1%. കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളമെന്നും മന്ത്രി രാജേഷ് പറഞ്ഞു. കേരളത്തിന്റെ തനത് വരുമാന സ്രോതസുകളില്‍ ഏറ്റവും കുറഞ്ഞത് എക്സൈസ് വരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാല്യകാലത്തെക്കുറിച്ചും കുടുംബത്തിലെ വിഷാദരോഗ പശ്ചാത്തലത്തെക്കുറിച്ചും വിഷാദരോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ബോളിവുഡ്താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്. നിലവില്‍ സൈക്ലിക് ഡിപ്രഷന് ചികിത്സയില്‍ കഴിയുകയാണ് താന്‍, വിഷാദം അല്പം സങ്കീര്‍ണമാണ്. അത് പകുതി ജനിതകവും പകുതി മാനസികവും പകുതി സാമൂഹികപരവുമാണ്. തന്റെ കേസില്‍ അത് പകുതി ജനിതകമാണ്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിന്റെ ചരിത്രമുണ്ടെന്നും ഇറ കൂട്ടിച്ചേര്‍ക്കുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇറ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലും തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. ഒമിക്രോണ്‍ XBB വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം XBB-യെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റ് വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയാണ് എറിസിന്റെയും ലക്ഷണങ്ങള്‍.
മാനസികാരോഗ്യത്തെക്കുറിച്ച് നിരന്തരം പറയാറുള്ള സൂപ്പര്‍മോഡലായ ബെല്ല ഹദീദ് ലൈം ഡിസീസുമായുണ്ടായ തന്റെ പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലൈം ഡിസീസ് ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ബെല്ല കുറിച്ചത്. 2012 ഇല് രോഗം സ്ഥിരീകരിക്കുന്നതും പിന്നീട് രോഗവുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ആരോഗ്യം കൈവരിച്ചതിനെക്കുറിച്ചുമൊക്കെയാണ് ബെല്ല പങ്കുവെക്കുന്നത്. മാനസികമായും ശാരീരികമായും രോഗം തന്നെ കീഴടക്കിയിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് പിന്തുണച്ചതെന്നും ബെല്ല കുറിച്ചു. ചികിത്സാകാലത്തെ ചിത്രങ്ങളും കുറിപ്പിനൊപ്പം ബെല്ല പങ്കുവെച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post