കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയ മരുന്ന് വികസിപ്പിച്ചെടുത്ത് യു.എസില്‍ നിന്നുള്ള ഗവേഷകര്‍. AOH1996 എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കാന്‍സര്‍ ചികിത്സയ്ക്കു പേരുകേട്ട കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് ഹോപ് ഹോസ്പിറ്റലിലെ ഗവേഷകരാണ് വികസിപ്പിച്ചത്. മരുന്നിന്റെ ആദ്യഘട്ടപരീക്ഷണം നടക്കുകയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സെല്‍ കെമിക്കല്‍ ബയോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടന്ന സ്‌ട്രോക്ക് പഠന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തിനുള്ളല്‍ നടന്നത് 10,545 പരിശോധനകള്‍. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അതിനൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സംസ്ഥാനത്തെ ആശുപത്രികളെയും ആരോഗ്യ രംഗത്തേയും പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് ‘ഹോസ്‌പെക്‌സ് ഹെല്‍ത്ത് കെയര്‍ എക്‌സ്‌പോ 2023’ സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചി കളമശ്ശേരിയിലുള്ള സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ആണ് എക്സ്പോ നടക്കുക. ‘ഹെല്‍ത്ത് കെയറിന്റെ ഭാവി: ഡിജിറ്റല്‍, ഡിവൈസസ്, ഡയഗ്‌നോസ്റ്റിക്‌സ് ‘ എന്നതാണ് പ്രമേയം. മേളയുടെ രണ്ടാം എഡിഷനാണിത്. തൃത്വം ഇന്റഗ്രിസാണ് എക്‌സ്‌പോയുടെ സംഘാടകര്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്, എഐഎംഇഡി, മറ്റ് മെഡിക്കല്‍ അസോസിയേഷനുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടാകും.
ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവര്‍മെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു. അശാസ്ത്രീയമായ പരിശീലനങ്ങള്‍ക്ക് ഒരിക്കലും മാതാപിതാക്കള്‍ കുട്ടികളെ വിധേയരാക്കരുത്. സംസ്ഥാനത്തെ നാലിടങ്ങളില്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരെ സുരക്ഷിതമായി ഏല്‍പ്പിച്ചുപോകാന്‍ കഴിയുന്ന അസിസ്റ്റീവ് വില്ലേജുകള്‍ തുടങ്ങുന്നതിന് ശുപാര്‍ശ നല്‍കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തില്‍ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണെന്നും നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ ലക്ഷം. ജീനോമിക്സ് പോലെയുള്ള കാതലായ വിഷയങ്ങളിലെ ഗവേഷണത്തിനായി ബയോ ബാങ്കുമായി ബന്ധപ്പെട്ട് അനന്തമായ ഡാറ്റാ സൗകര്യത്തോടു കൂടിയ അത്യാധുനിക സൗകര്യമുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post