നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിലും കണ്ണിലും ചുണ്ടിലും നായയുടെ കടിയേറ്റിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ
ചത്ത നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉള്ളതായി സ്ഥിരീകരിച്ചത്.
ശീതള പാനീയങ്ങളിലും ചൂയിങ് ഗമ്മിലും ഐസ്ക്രീമിലുമടക്കം മധുരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന അസ്പാട്ടം കാൻസറിന് കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ട്. നിശ്ചിത അളവിൽ ഉപയോഗിച്ചാൽ അപകടമില്ലെന്നും പഠന റിപ്പോർട്ട് പറയുന്നു. പ്രമുഖ ശീതള പാനീയങ്ങളിൽ ഉൾപ്പെടെ അസ്പാട്ടം ഉപയോഗിക്കുന്നുണ്ട്. ഒരു കിലോ ശരീരഭാരത്തിന് 50 മില്ലിഗ്രാം വരെ ദിവസേന ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും പഠനം വിശദമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ രണ്ട് വ്യത്യസ്ത വിദഗ്ധ പാനലുകളുടേതാണ് റിപ്പോര്‍ട്ട്. ആദ്യ പാനല്‍ അസ്പാട്ടം എത്രത്തോളം അപകടകാരിയാണെന്ന പഠനം നടത്തിയപ്പോള്‍ രണ്ടാമത്തെ പാനല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന അളവാണ് പരിശോധിച്ചത്. ഇത്തരം പദാര്‍ത്ഥങ്ങള്‍ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതിന് പകരം വെള്ളം ഉപയോഗിക്കുന്നത് നല്ലതെന്നാണ് ലോകാരോഗ്യ സംഘടന അധികൃതര്‍ വിശദമാക്കുന്നത്.
കേരളത്തിൽ മഴ കനത്തേക്കും. അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതുമാണ് സംസ്ഥാനത്ത് മഴ ഭീഷണിയാകുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മണാലിയിലേക്ക് പോയ ഹൗസ് സർജൻമാർ സുരക്ഷിതരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവരെ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. കണക്ടിവിറ്റി പ്രശ്‌നം കാരണം പതിനൊന്നാം തീയതി ഉച്ചയ്ക്ക് ശേഷം മുതല്‍ അവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നിരന്തരം ജില്ലാ ഭരണകൂടം, ഡിജിപി, എന്‍ഡിആര്‍എഫ്, ആര്‍മി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇവരുടെ സഹായത്തോടെയാണ് തൃശൂരില്‍ നിന്നും പോയ ഹൗസ്‌സര്‍ജന്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കോട്ടയം പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. ഈ വർഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടാവുകയും തുടർന്ന് ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. എന്നാല്‍ എങ്ങിനെ അണുബാധ ഉണ്ടായെന്ന കാര്യം അറിയില്ലെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
പാലക്കാട് ചാലിശ്ശേരി തെരുവുനായ ആക്രമണം രൂക്ഷം. മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ, നീലി എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ 25 ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി doctorlive ടിവി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post