നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ
സംസ്ഥാനത്ത് തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ 15 വയസ്സുകാരന്‍ ഗുരുദത്ത് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് അമീബ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം. ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനകത്തുകയറി 15 വയസ്സുകാരനെയടക്കം ബൈക്ക് യാത്രികരും കാല്‍നട യാത്രക്കാരുമാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്.
കോവിഡ് പോരാട്ടത്തിലൂടെ ശ്രദ്ധനേടിയ ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍. മെഡിക്കള്‍ കോളേജിലെ ആദ്യ മുസ്ലിം വനിതാ പ്രിന്‍സിപ്പള്‍ കൂടിയാണ് ആസിമ. 2020ലാണ് ഡോ. ആസിമയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. കോവിഡ് മഹാമാരിയെ ഭയന്ന് പലരും പിന്നോട്ട് മാറിയപ്പോള്‍ രോഗീപരിചരണത്തിനായി ഡോ. ആസിമ സധൈര്യം മുന്നോട്ടുവന്നത് സഹപ്രവര്‍ത്തകര്‍ക്കടക്കം പ്രചോതനമായിരന്നു. ഈ സമയത്ത് വിക്ടോറിയ ആശുപത്രി ട്രോമ കെയര്‍ സെന്റര്‍ കോവിഡ് വാര്‍ഡിലെ നോഡല്‍ ഓഫീസറായിരുന്നു ഡോ. ആസിമ.
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടനസമയത്ത് കിട്ടിയിരുന്ന നല്ല ഭക്ഷണത്തിന്‍റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ ഫോട്ടോയുമാണ് ഹിമാൻഷു മുഖര്‍ജി എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ മോശം ഭക്ഷണമാണ് എന്നാണ് ഇദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷണമാണ് തങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതെന്നും ഐആര്‍സിടിസി ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ചയാളുടെ പിഎൻആര്‍ നമ്പറും മൊബൈല്‍ നമ്പറും മെസേജായി അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രഹ്മപുരം തീപിടിത്തവും മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. സർക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ച് ബെഞ്ച് രൂപീകരിക്കാൻ രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിന്റെ നിലപാട് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ബ്രഹ്മപുരത്ത് ബയോ സിഎൻജി പ്ലാന്റ് എങ്ങനെ സ്ഥാപിക്കുമെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാമെന്ന് തദ്ദേശ സെക്രട്ടറി കോടതിക്ക് ഉറപ്പ് നൽകി. തീപിടിത്തത്തിന് ശേഷം ഉണ്ടായ ചാരം നദികളിലേക്ക് ഒഴുകാതിരിക്കാൻ ടാർപ്പോളിൻ ഉപയോഗിച്ച് മാലിന്യ കൂമ്പാരം മറച്ചതായി കലക്ടർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ പുരോഗതി ഉണ്ടെന്ന് കോടതി വിലയിരുത്തി.
കോഴിക്കോട് വടകര മണിയൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു. വടകര മണിയൂർ മുതുവന കടയക്കൂടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ തെങ്ങ് വീണു പൊട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post